മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25ന്, വമ്പന്‍ ലുക്കില്‍ മോഹന്‍ലാല്‍

മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25ന്, വമ്പന്‍ ലുക്കില്‍ മോഹന്‍ലാല്‍
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി – മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2024 ജനുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തും. സംവിധായകന്‍ ലിജോ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. ഒപ്പം പുത്തന്‍ പോസ്റ്ററും പുറത്തുവിട്ടു. ഇതുവരെ പ്രേക്ഷകര്‍ കാണാത്ത ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.
നേരത്തെ മോഹൻലാലിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ഗ്ലിമ്പ്സ് വീഡിയോയും ഫസ്റ്റ് ലുക്കും മാത്രമാണ് മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ഗുസ്‌തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മധു നീലകണ്ഠന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.