09 May 2024 Thursday

കോട്ടയം കുറിച്ചി മന്ദിരം കവലയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 1.25 കോടിയുടെ സ്വര്‍ണം കവര്‍ന്നു പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

ckmnews

കോട്ടയം  കുറിച്ചി മന്ദിരം കവലയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 1.25 കോടിയുടെ സ്വര്‍ണം കവര്‍ന്നു


പത്തനംതിട്ട സ്വദേശി അറസ്റ്റില്‍


കോട്ടയം:എംസി റോഡ് കുറിച്ചി മന്ദിരം കവലയിലെ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട കൂടൽ സ്വദേശി അനീഷ് ആന്റണി (26) യാണു പിടിയിലാത്. സംഭവത്തിലെ കൂട്ടുപ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. കഴിഞ്ഞ മാസം ഏഴിനാണു കുറിച്ചി മന്ദിരം കവലയിലെ സുധാ ഫിനാൻസിൽ നിന്നു 6050 ഗ്രാം സ്വർണവും 8 ലക്ഷം രൂപയും  മുദ്രപ്പത്രങ്ങളും കവർന്നത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ നിന്നാണു പ്രതിയെ പിടികൂടിയത്. ഇയാൾ മറ്റു മോഷണ കേസുകളിലും പ്രതിയാണെന്നു പൊലീസ് പറയുന്നു. രക്ഷപെട്ട പ്രതിയും 15 ഓളം മോഷണ കേസുകളിൽ പ്രതിയാണ്. 


ഇരുനിലക്കെട്ടിടത്തിന്റെ മുകൾനിലയിലാണു സ്ഥാപനം പ്രവർത്തിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഞായറാഴ്ച അവധിയായതിനാൽ തുറന്നിരുന്നില്ല. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഗേറ്റിന്റെ താഴ് അറുത്തുമാറ്റിയ നിലയിൽ കണ്ടത്. ഇവർ അറിയിച്ചതനുസരിച്ചു സ്ഥാപന ഉടമയും ബന്ധുക്കളും എത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണു വൻ കവർച്ച നടന്നതായി ബോധ്യപ്പെട്ടത്. താഴത്തെ ഗേറ്റിന്റെ താഴ് അറുത്തുമാറ്റിയ ശേഷം മുകളിലെ ഷട്ടറിന്റെ താഴും അകത്തെ വാതിലിന്റെ പൂട്ടും കുത്തിത്തുറന്നാണ് അകത്തു കയറിയത്.


സ്വർണാഭരണങ്ങളും പണവും അടങ്ങിയ ലോക്കർ കട്ടർ ഉപയോഗിച്ചു പൊളിക്കുകയായിരുന്നു. സ്ഥാപനത്തിലും കയറിയ പടികളിലും സോപ്പുപൊടി വിതറിയിരുന്നു. പൊലീസ് നായയ്ക്കു മണം ലഭിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ രേഖപ്പെടുത്തുന്ന ഡിവിആർ അടക്കം അപഹരിച്ചു. ചങ്ങനാശേരി ഡിവൈഎസ്പി എ.കെ.വിശ്വനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.