09 May 2024 Thursday

കൊച്ചിയില്‍നിന്ന് രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവാവ് ഗോവയില്‍ കൊല്ലപ്പെട്ടു; മൂന്നുപേര്‍ അറസ്റ്റില്‍

ckmnews

കൊച്ചിയില്‍നിന്ന് രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവാവ് ഗോവയില്‍ കൊല്ലപ്പെട്ടു; മൂന്നുപേര്‍ അറസ്റ്റില്‍


കൊച്ചി: രണ്ടുവർഷം മുൻപ് കൊച്ചിയിൽനിന്ന് കാണാതായ യുവാവിനെ ഗോവയിൽവെച്ച് കൊലപ്പെടുത്തിയെന്ന് പോലീസിന്റെ കണ്ടെത്തൽ. 2021-ൽ കൊച്ചിയിൽനിന്ന് കാണാതായ ജെഫ് ജോൺ ലൂയിസ്(27) ആണ് ഗോവയിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ സ്വദേശികളായ അനിൽ ചാക്കോ, സ്റ്റെഫിൻ, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്.


മുൻവൈരാഗ്യത്തിന്റെ പേരിലാണ് മൂന്നംഗസംഘം യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. 2021-ൽ ജെഫ് ജോൺ ലൂയിസിനെ കാണാനില്ലെന്ന് പോലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനിടെയാണ് മറ്റൊരുകേസിൽ അറസ്റ്റിലായ ഒരാളിൽനിന്ന് നിർണായകവിവരങ്ങൾ ലഭിച്ചത്. ഒരുയുവാവിന്റെ കൊലപാതകം നടന്നതായുള്ള വിവരം തനിക്കറിയാമെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. തുടർന്ന് മിസിങ് കേസുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയും കൊല്ലപ്പെട്ടത് ജെഫ് ജോൺ ലൂയിസ് ആണെന്ന് കണ്ടെത്തുകയുമായിരുന്നു.


ജെഫ് ജോൺ ഒന്നാംപ്രതിയായ അനിലിനെ ഒരുകേസിൽ കുടുക്കാൻ ശ്രമിച്ചുവെന്ന് സംശയിച്ച് പ്രതികൾക്ക് വൈരാഗ്യമുണ്ടായിരുന്നു. ഇതാണ് ഗോവയിൽവെച്ചുള്ള കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമികവിവരം. നാലുപേരും ഒരുമിച്ചിരിക്കുന്നതിനിടെ പ്രതികൾ ചുറ്റിക കൊണ്ട് ജെഫ് ജോണിന്റെ തലയ്ക്കടിക്കുകയും കത്തി കൊണ്ട് കഴുത്ത് മുറിക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത മൂന്നുപ്രതികളെയും ശനിയാഴ്ച വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും