09 May 2024 Thursday

അലൻസിയറിന്റെ പ്രതികരണം നിർഭാഗ്യകരം; മന്ത്രി ആർ ബിന്ദു

ckmnews


സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വേദിയിൽ നടൻ അലൻസിയറിന്റെ പ്രതികരണം നിർഭാഗ്യകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രതികരണം പുരുഷധിപത്യത്തിന്റെ ബഹുസ്പുരണമാണെന്നും പുരസ്‌കാര വേദിയിൽ അങ്ങനെ ഒരു പ്രതികരണം നടത്താൻ പാടില്ലായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.


പ്രത്യേക ജൂറി പരാമർശ പുരസ്കാരം വാങ്ങിയ ശേഷമുള്ള അലൻസിയറിന്റെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഒരു വിഭാഗം ശക്തമായി വിമർശിക്കുമ്പോൾ മറ്റൊരു കൂട്ടർ ട്രോളുകളുമായാണ് താരത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. അലന്‍സിയര്‍ ഇത്ര ചീപ്പാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.


അലന്‍സിയര്‍ എങ്ങാനും ആ ഖജുരാഹോ ക്ഷേത്രത്തില്‍ പോയാല്‍ ഉള്ള അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കണേ എന്നാണ് ഫേസ്ബുക്കില്‍ വന്ന ഒരു പ്രതികരണം.അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍ അലന്‍സിയര്‍. ആ പ്രസ്താവന തെറ്റല്ലെന്നും പറഞ്ഞതില്‍ ലജ്ജ തോന്നുന്നില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. ചലച്ചിത്ര പുരസ്‌കാര ശില്‍പത്തില്‍ എന്തുകൊണ്ടാണ് സ്ത്രീ വിരുദ്ധത കാണാത്തതെന്നും എന്തുകൊണ്ട് പുരുഷനെ സൃഷ്ടിച്ച് വെക്കാന്‍ പറ്റുന്നില്ലെന്നും അലന്‍സിയര്‍ ചോദിച്ചു.

‘അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു..സാംസ്കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങള്‍ക്ക് പൈസ കൂട്ടണം. ഗൌതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ സ്പെഷ്യല്‍ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാര്‍ഡൊക്കെ എല്ലാവര്‍ക്കും കൊടുത്തോളു, സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ അവാര്‍ഡ് തരണം.


ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും’ എന്നായിരുന്നു അവാർഡ് വാങ്ങിയ ശേഷം അലൻസിയർ പറഞ്ഞത്. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറിന്‍റെ വിവാദ പരാമര്‍ശങ്ങള്‍.