09 May 2024 Thursday

നടുറോഡില്‍ യുവതിയേയും കുടുംബത്തേയും മർദ്ദിച്ച സംഭവത്തില്‍ കോഴിക്കോട് നടക്കാവ് എസ്.ഐ.ക്ക് സസ്‌പെന്‍ഷന്‍

ckmnews


കോഴിക്കോട്: നടുറോഡില്‍ യുവതിയേയും കുടുംബത്തേയും മർദ്ദിച്ച സംഭവത്തിൽ കോഴിക്കോട് നടക്കാവ് എസ്.ഐ.ക്ക് സസ്‌പെന്‍ഷന്‍. എസ്ഐ വിനോദിനെയാണ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് റൂറൽ എസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രി കൊളത്തൂരില്‍വെച്ചാണ് സംഭവം.


യുവതിയും കുടുംബവും ബന്ധുവീട്ടില്‍ പോയി മടങ്ങുന്നതിനിടെ എതിര്‍ദിശയില്‍നിന്ന് വന്ന വാഹനത്തിലുള്ളവരുമായി സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ആ വാഹനത്തിലുണ്ടായിരുന്നവർ എസ്ഐ വിനോദിനെ സംഭവസ്ഥലത്തെക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ മദ്യലഹരിയിലാണ് എസ്‌ഐ ഇവിടെയെത്തിയത്. തുടർന്ന് കാറിൽ നിന്ന് യുവതിയെയും കുടുംബത്തെയും പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ചവിട്ടുകയും ശരീരത്തില്‍ കടിച്ച് പരിക്കേല്‍പ്പിച്ചതായും യുവതി പരാതി നൽകി. എസ്‌ഐക്കൊപ്പം ബൈക്കില്‍വന്നയാള്‍ സ്വകാര്യഭാഗങ്ങളില്‍ കയറിപ്പിടിച്ചെന്നും മര്‍ദിച്ചെന്നും യുവതി ആരോപിക്കുന്നു.

എസ്‌ഐയുടെ മര്‍ദനത്തില്‍ യുവതിയുടെ ഭര്‍ത്താവിനും 11 വയസുള്ള കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് കുടുംബം വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് കാക്കൂര്‍ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായതെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.