09 May 2024 Thursday

നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്നുറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

ckmnews

നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്നുറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്


യുവ സംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്നുറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മരണ കരണകാരണം മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷൻ ആണെന്നാണ് റിപ്പോർട്ട്. അതിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മെഡിക്കൽ ബോർഡ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതോടെ കേസിൽ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

നയന സൂര്യയുടെ ദുരൂഹ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പിഴവെന്ന് കണ്ടെത്തിയിരുന്നു. നയനയുടെ ശരീരത്തിലെ മുറിവ് രേഖപ്പെടുത്തിയതിലാണ് പിഴവ്. 1.5 സെന്റിമീറ്റർ മുറിവിന് 31.5 സെന്റിമീറ്റർ മുറിവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ചാണ് പിഴവ് കണ്ടെത്തിയത്. സംഭവത്തിൽ ടൈപ്പിങ് പിഴവാണ് സംഭവിച്ചതെന്ന് ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, നയന മുൻപ് പല തവണ ബോധരഹിതയായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അഞ്ചു തവണ ബോധരഹിതയായി ചികിത്സ തേടിയെന്നാണ് റിപ്പോർട്ട്. ചികിത്സാ രേഖകൾ ഉൾപ്പടെ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. കടുത്ത വിഷാദത്തിലെന്നു ഡോക്ടറുടെ മൊഴിയും ലഭിച്ചിട്ടുണ്ട്. വിഷാദത്തിന് കഴിച്ച മരുന്നുകൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്നും കണ്ടെത്തലുണ്ട്.


2019 ഫെബ്രുവരി 24നാണ് യുവ സംവിധായക നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റായിരുന്നു.


കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞ് എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറ്റം കുറിച്ചത്. നിരവധി പരസ്യ ചിത്രങ്ങളും സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ക്രോസ്സ് റോഡ് എന്ന ചിത്രത്തിന്റെ ഒരു ഭാഗവും സംവിധാനം ചെയ്തിട്ടുണ്ട്. ആലപ്പാട് സ്വദേശിയായ നയന ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകളുമായി രംഗത്ത് എത്തിയിരുന്നു.