09 May 2024 Thursday

പുതുപ്പള്ളി വോട്ടെണ്ണൽ 8 മണി മുതൽ;പ്രതീക്ഷയോടെ മുന്നണികളും സ്ഥാനാർഥികളും

ckmnews

പുതുപ്പള്ളി വോട്ടെണ്ണൽ 8 മണി മുതൽ;പ്രതീക്ഷയോടെ മുന്നണികളും സ്ഥാനാർഥികളും


പുതുപ്പള്ളി∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.കോട്ടയം ബസേലിയസ് കോളജിൽ രാവിലെ 8 മുതലാണ് വോട്ടെടുപ്പ്. ആദ്യ ഫലസൂചന ഒൻപതോടെ ലഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. പിന്നാലെ എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.പത്തോടെ ഫലം അറിയാമെന്നാണു കരുതുന്നത്. 7 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്. ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയായി എന്ന അപൂർവതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. 

ജെയ്ക് സി.തോമസാണു ഇടതു മുന്നണി സ്ഥാനാർഥി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർഥി. ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാർഥി), ഷാജി (സ്വതന്ത്ര സ്ഥാനാർഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കൽ – സ്വതന്ത്ര സ്ഥാനാർഥി) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ. 1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്