09 May 2024 Thursday

'ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം' പേര് മാറ്റാനുള്ള ശ്രമം രാജ്യത്തിൻ്റെ ബഹുസ്വരതയെ തകർക്കാനെന്ന് മുഖ്യമന്ത്രി

ckmnews



രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് ‘ഇന്ത്യ’ എന്ന പദം ഒഴിവാക്കുന്നതിനു പിന്നിലുള്ളത്. ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തിൽ, നമ്മുടെ രാജ്യത്തെ ‘India, that is Bharat’ (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു. അതുപോലെ, ഭരണഘടനയുടെ ‘ആമുഖം’ തുടങ്ങുന്നത് ‘We, the people of India’ എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്.

ഇതിന്റെ മുന്നോടിയാണ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കൾക്കുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭരണഘടനയുടെ സത്തയ്ക്കുതന്നെ എതിരാണ്.


ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? സ്കൂൾ തലം മുതൽ കുട്ടികൾ പഠിച്ചുവളരുന്ന “ഇന്ത്യ എന്റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്” എന്ന രാജ്യചിന്തയെപോലും മനസ്സുകളിൽ നിന്ന് മായ്ച്ചുകളയാനുള്ള ആസൂത്രിത നീക്കമായി വേണം ഇതിനെ കാണാൻ.


ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമായിക്കൂട. അത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അതിനാൽ രാജ്യത്തിൻറെ പേര് മാറ്റാനുള്ള നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


ഇതിനിടെ രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ രംഗത്തുവന്നിരുന്നു. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പേര് മാറ്റുമെന്ന വിവാദം വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.


ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കുമെന്ന് നടക്കുന്ന പ്രചാരണങ്ങൾ വസ്തുതവിരുദ്ധമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കിൽ കേന്ദ്രം അറിയിക്കുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.