08 May 2024 Wednesday

കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയ സംഭവം മൃതദേഹം കാണാതായ പ്രതീഷിന്റേതെന്ന് സംശയം;ദുരൂഹതയേറെയെന്ന് പൊലീസ്

ckmnews



തൃശൂർ: തൃശൂർ കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ മൃതദേഹം ഒരു മാസം മുന്‍പ് കാണാതായ പ്രതീഷിന്റേതെന്ന് സംശയത്തില്‍ പൊലീസ്. സുഹൃത്ത് മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് പൊലീസ്. അഞ്ഞൂർ സ്വദേശി ശിവരാമന്റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശിവരാമൻ കഴി‍ഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. 


ജൂലൈ മാസത്തിലാണ് പ്രതീഷ് എന്നയാളെ കാണാതാകുന്നത്. ബം​ഗളൂരുവിലേക്ക് പോകുകയാണെന്നും ഓണത്തിന് മടങ്ങി വരുമെന്നും ആയിരുന്നു ഇയാൾ ഭാര്യയോട് പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ മടങ്ങിവരാത്തതിനെ തുടർന്ന് കഴിഞ്ഞ ഒന്നാം തീയതി ഭാര്യ പൊലീസിൽ പരാതി നൽകി. അതേ സമയം, കഴിഞ്ഞ മാസം 25ാം തീയതിയാണ് ശിവരാമൻ എന്നയാൾ തൂങ്ങിമരിക്കുന്നത്.മൃതദേഹത്തിന് മൂന്നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നു.പ്രതീഷിനെ കാണാതായ സംഭവം അന്വേഷിക്കുന്നതിനിടെയാണ് പൊലീസിനെ ചില സൂചനകൾ ലഭിക്കുന്നത്. മരിച്ച ശിവരാമനും പ്രതീഷും സുഹൃത്തുക്കളായിരുന്നെന്നും പ്രതീഷ് രണ്ട് കൊലപാതകകേസുകളിലെ പ്രതിയായിരുന്നു എന്നുമാണ് പൊലീസിന് ലഭിച്ച വിവരം. 


മാത്രമല്ല പ്രതീഷിന്റെ പേരിൽ ആറിലധികം ക്രിമിനൽ കേസുകളുണ്ടെന്നും പൊലീസിന് വ്യക്തമായി. പ്രതീഷ് ശിവരാമന്റെ വീട്ടിലെത്തുകയും മദ്യപിക്കുകയും ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.പ്രതീഷിന് ഒരു ചെവി ഉണ്ടായിരുന്നില്ലെന്ന് സുഹൃത്ത്  വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.അന്വേഷണം പുരോ​ഗമിക്കവേ ഇന്നലെ രാവിലെയാണ് പ്രതീഷിന്റെ സുഹൃത്തായ,സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളിൽ നിന്ന് ചില വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.ഇവിടുത്തെ സെപ്റ്റിക് ടാങ്കിന്റെ ഭാ​ഗത്തെ മണ്ണ് ഇളകിക്കിടക്കുന്നു എന്നായിരുന്നു വിവരം. 


തുടർന്ന് സെപ്റ്റിക് ടാങ്ക് ഇളക്കി പരിശോധിച്ചപ്പോഴാണ് ജീർണിച്ച അവസ്ഥയിൽ മൃതദേഹം കണ്ടെടുക്കുന്നത്. ഒരു ചെവി മൃതദേഹത്തിന് ഇല്ല എന്ന് കണ്ടെത്തിയത് സുഹൃത്താണ്.അതുകൊണ്ട് തന്നെ ഈ മൃതദേഹം പ്രതീഷിന്റേതാണ് എന്ന പ്രാഥമിക സംശയത്തിൽ പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്.കൊലപാതകമാണ് എന്ന രീതിയിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.എന്തിന് വേണ്ടി, ആര് കൊലപ്പെടുത്തി എന്നാണ് ഇനി പൊലീസിന് മുന്നിലുള്ള ചോ​ദ്യം.സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പുറത്തെടുത്ത മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.