09 May 2024 Thursday

കേരളത്തില്‍ ആദ്യമായി അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവല്‍; ഒക്ടോബര്‍ 2 മുതല്‍ 5 വരെ കൊച്ചിയില്‍

ckmnews


കേരളത്തില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവല്‍ ഒക്ടോബര്‍ 2 മുതല്‍ 5 വരെ കൊച്ചിയില്‍. വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഖ്യാതരായ കലിഗ്രഫി കലാകാരന്മാര്‍ പങ്കെടുക്കും. കേരള ലളിതകലാ അക്കാദമിയും നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിലുള്ള കചടതപ ഫൗണ്ടേഷനും ചേര്‍ന്നാണ് ഫെസ്റ്റിവലില്‍ സംഘടിപ്പിക്കുന്നത്.


കല, സാഹിത്യ, സിനിമ, പരസ്യം തുടങ്ങിയ വിവിധ മേഖലകില്‍ ആസ്വാദനവും സംവേദനവും കൂടുതല്‍ സമ്പുഷ്ടമാക്കുന്ന, കലാരൂപമാണ് കലിഗ്രഫി അഥവാ അക്ഷരകല. ശില്പങ്ങളും പെയിന്റിങ്ങുകളും പോലെ, ആധുനിക ലോകത്ത് മൂല്യവത്തായ ഒരു കലാശാഖയായി കലിഗ്രഫി വളര്‍ന്നു കഴിഞ്ഞു.

ലോകപ്രശസ്ത ഹീബ്രു കലിഗ്രാഫറായ മിഷേല്‍ ഡി അനസ്റ്റാഷ്യോ, ഇറാനില്‍ നിന്നുള്ള മസൂദ് മൊഹബിഫാര്‍, ഏഷ്യന്‍ കലിഗ്രഫി അസോസിയേഷന്‍ വൈസ് പ്രസിഡന്റും കലിഗ്രാഫറുമായ ദക്ഷിണ കൊറിയയില്‍ നിന്നുള്ള കിം ജിന്‍യങ് എന്നിവര്‍ക്കു പുറമേ, ഇന്ത്യന്‍ അക്ഷരകലയുടെ കുലപതി എന്നറിയപ്പെടുന്ന അച്യുത് പാലവ്, ഇന്ത്യന്‍ രൂപയുടെ ചിഹ്നത്തിന്റെ സ്രഷ്ടാവായ ഉദയ് കുമാര്‍, മുംബൈ ഐ.ഐ.റ്റി പ്രഫസറായ ജി.വി.ശ്രീകുമാര്‍, പൂശപതി പരമേശ്വര രാജു, അഹമ്മദാബാദ് എന്‍ഐഡി അദ്ധ്യാപകനായ തരുണ്‍ ദീപ് ഗിര്‍ധര്‍, പിക്‌റ്റോറിയല്‍ കലിഗ്രാഫറും സംഗീതജ്ഞയുമായ ഖമര്‍ ഡാഗര്‍, അശോക് പരബ്, നിഖില്‍ അഫാലെ, ഇങ്കു കുമാര്‍, അശോക് ഹിന്‍ഗേ, ഷിപ്ര റൊഹാട്ഗി, അക്ഷയാ തോംബ്രേ, പ്രഫസര്‍ കെ.സി.ജനാര്‍ദ്ദനന്‍, രഘുനിത ഗുപ്ത, മുകേഷ് കുമാര്‍, നാരായണഭട്ടതിരി തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള പതിനാറു കലിഗ്രാഫര്‍മാരും അതിഥികളായെത്തും. ഇന്ത്യയിലെ വിവിധ കോളജുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികളും പങ്കെടുക്കും.