09 May 2024 Thursday

പാലക്കാട് ആളുമാറി 84കാരിയെ അറസ്റ്റ് ചെയ്ത സംഭവം; അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി

ckmnews


പാലക്കാട് ആളുമാറി 84കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വീഴ്ച്ച വരുത്തിയ പൊലീസുകർക്കെതിരെ നടപടിക്ക് ശുപാർശ. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിന്മേലാണ് നടപടി.

പാലക്കാട് കുനിശ്ശേരിയിൽ 84-കാരി ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ആഭ്യന്തര വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ച സംഭവിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടിക്ക് ശുപാർശയുള്ളത്.1998ലായിരുന്നു കേസിനാസ്പദമായ സംഭവം. യഥാര്‍ത്ഥ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയതിന് പിന്നാലെ പൊലീസ് ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ നിരപരാതിത്വം തെളിയിക്കാന്‍ നാല് വര്‍ഷമാണ് ഭാരതിയമ്മക്ക് കോടതി കയറിയിറങ്ങേണ്ടി വന്നത്. നിരപരാധിത്വം തിരിച്ചറിഞ്ഞ കോടതിയാണ് ഭാരതിയമ്മയെ കുറ്റവിമുക്തയാക്കിയത്. തുടർന്ന് ഭാരതിയമ്മയും കുടുംബവും മുഖ്യമന്ത്രിയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് തുടർനടപടിയുണ്ടായത്.