09 May 2024 Thursday

മണ്ണാർക്കാട് പൂട്ടിയിട്ട വീട്ടിൽ നിന്ന് 17 പവൻ കവർന്ന കേസ്:സമീപവാസി അറസ്റ്റിൽ

ckmnews

മണ്ണാർക്കാട് പൂട്ടിയിട്ട വീട്ടിൽ നിന്ന് 17 പവൻ കവർന്ന കേസ്:സമീപവാസി അറസ്റ്റിൽ


മണ്ണാർക്കാട്:വിയ്യക്കുർശ്ശി കൊറ്റിയോട് പൂട്ടിയിട്ട വീട്ടിൽ നിന്ന് 17 പവൻ സ്വർണാഭരണം കവർന്ന കേസിൽ സമീപവാസി അറസ്റ്റിൽ. കൊറ്റിയോട് അങ്ങാടിക്കാട്ടിൽ സൽമാൻ ഫാരിസിനെയാണ് (25) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. താലിമാലയും കുട്ടിയുടെ തളയും ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് കവർന്നത്. 


കൊറ്റിയോട് പൂവക്കോട്ടിൽ സിബിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച സിബിന്റെ വീട്ടുകാർ ബന്ധു വീട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോൾ അലമാരയിലുണ്ടായിരുന്ന 500 രൂപ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. വെള്ളിയാഴ്ച ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് വള, താലിമാല ഉൾപ്പെടെ നാല് മാലകൾ, ബ്രെയ്സ്‌ലെറ്റ്, കുട്ടിയുടെ തള, മുക്കുത്തി, കമ്മൽ എന്നിവ ഉൾപ്പെടെ 17 പവൻ സ്വർണാഭരണങ്ങൾ നഷ്ടമായത് അറിഞ്ഞത്.


തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പിടിയിലായ സൽമാൻ ഫാരിസ് സിബിന്റെ വീടുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നയാളാണ്. വീട്ടിലെ ജോലികൾക്കും മറ്റും സൽമാനെ വിളിക്കാറുണ്ട്. പരാതിയിൽ സൽമാനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൽമാൻ ഫാരിസ് പിടിയിലായത്. 


സിബിന്റെ കുടുംബം തിങ്കളാഴ്ച വീട്ടിൽ ഇല്ലാത്ത വിവരം മനസ്സിലാക്കിയ സൽമാൻ വീടിന്റെ പിൻവശത്തെ പഴയ വീടിന്റെ ഭിത്തിയിലൂടെ പുതിയ വീടിന്റെ മുകളിലെത്തി. മുകളിലത്തെ വാതിൽ അടിച്ചിരുന്നില്ല. ഇതിലൂടെ ഉള്ളിൽ കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അലമാരയുടെ ഷെൽഫ് പിടിച്ച് വലിച്ച് തുറക്കുകയായിരുന്നുവെന്ന് തെളിവെടുപ്പിനിടെ സൽമാൻ ഫാരിസ് പൊലീസിനോട് പറഞ്ഞു. ഇയാളിൽ നിന്ന് 13 പവൻ സ്വർണവും 90,000 രൂപയും കണ്ടെടുത്തു. നാല് പവൻ മണ്ണാർക്കാടും കോഴിക്കോട് പാളയത്തുള്ള ജ്വല്ലറികളിൽ വിറ്റതായി പൊലീസ് പറഞ്ഞു