09 May 2024 Thursday

മഹാബലി എല്ലാ മനുഷ്യരെയും ഒന്നുപോലെ കണ്ട സോഷ്യലിസ്റ്റ്: മമ്മൂട്ടി

ckmnews

മഹാബലി എല്ലാ മനുഷ്യരെയും ഒന്നുപോലെ കണ്ട സോഷ്യലിസ്റ്റ്: മമ്മൂട്ടി


തൃപ്പൂണിത്തുറ:കേരളത്തിന്റെ വലിയ ടാഗ്‌ലൈനാക്കി അത്തച്ചമയത്തെ മാറ്റണമെന്ന് നടൻ മമ്മൂട്ടി. ഇത് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റുന്നതിനു സർക്കാർ മുൻകയ്യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ മനുഷ്യരെയും ഒന്നുപോലെ കണ്ട സോഷ്യലിസ്റ്റായിരുന്നു മഹാബലി. മനുഷ്യരെ ഒന്നിപ്പിക്കുന്ന ആഘോഷമായി ഓണം എന്നും നിലനിൽക്കട്ടെയെന്നും മമ്മുട്ടി പറഞ്ഞു. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാനകാല സാഹചര്യത്തിൽ അത്തച്ചമയത്തിന്റെ മതനിരപേക്ഷതയും മാതൃകയും പ്രസക്തമാണെന്ന്, അത്തച്ചമയം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.


‘‘വർത്തമാനകാല സാഹചര്യത്തിൽ അത്തച്ചമയത്തിന്റെ മതനിരപേക്ഷതയും മാതൃകയും പ്രസക്തമാണ്. തൃപ്പൂണിത്തുറ നൽകുന്ന മതസൗഹാർദത്തിന്റെ തെളിവെളിച്ചം വർഗീയതയുടെ അന്ധകാരം പടരുന്ന എല്ലാ ദിക്കിലേക്കും പടരേണ്ടതുണ്ട്.വംശവിദ്വേഷത്തിന്റെയും വർഗീയ കലാപത്തിന്റെയും കലൂഷിത അന്തരീക്ഷത്തിൽ തൃപ്പൂണിത്തുറയിൽ നിന്നുള്ള സ്നേഹ സന്ദേശം പ്രസക്തിയേറിയതാണ്.’’– മുഖ്യമന്ത്രി പറഞ്ഞു.


അതേസമയം, എതു വിശ്വാസത്തിന്റെയോ പേരിലായാലും ഓണം നമുക്ക് ആഘോഷമാണെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. ‘‘ഞാൻ അത്തം ആഘോഷ പരിപാടിയിലാണ് ആദ്യമായി പങ്കെടുക്കുന്നത്.ആഘോഷത്തിൽ ആദ്യമായാണ് അതിഥിയായി എത്തുന്നത്. ചെമ്പിലുള്ള ആളാണ് ഞാൻ. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിനു മുൻപ് അത്തം ഘോഷയാത്രയിൽ വായ്‌ നോക്കി നടന്നിട്ടുണ്ട്. അന്ന് ഘോഷയാത്ര കാണുമ്പോൾ പുതുമയുണ്ട്. ഇന്നും എനിക്ക് പുതുമയും അത്ഭുതവും മാറിയിട്ടില്ല.എതു സങ്കൽപ്പത്തിന്റെയോ, എതു വിശ്വാസത്തിന്റെയോ പേരിലായാലും ഓണം നമുക്ക് ആഘോഷമാണ്.’


നമ്മുടെ സന്തോഷത്തിന്റെയും സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമാണ് അത്തച്ചമയം. അത്തച്ചമയ ഘോഷയാത്രയ്‌ക്ക് അപ്പുറം സാഹിത്യ–സംഗീത–സാംസ്‌കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ച് വലിയ ആഘോഷമാക്കി മാറ്റണം. ലോകോത്തര കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടണം. അത്തച്ചമയം കേരളത്തിന്റെ വലിയ ടാഗ്‌ ലൈൻ ആകും. ട്രേഡ്മാർക്ക് ആകും. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റുന്നതിനായി സർക്കാർ മുൻകൈയെടുക്കണം.


ലോകം കണ്ട മനുഷ്യരെ എല്ലാവരെയും ഒന്നുപോലെ കണ്ട സോഷ്യലിസ്റ്റായിരുന്നു മഹാബലി. മനുഷ്യരെ എല്ലാവരെയും ഒന്നുപോലെ കണ്ട സങ്കൽപ ലോകത്ത് നിന്നതായി നമുക്ക് അറിയില്ല. നമുക്ക് മനസുകൾ കൊണ്ട് ഒന്നാകാം. മനുഷ്യരെ ഒന്നിപ്പിക്കുന്ന ആഘോഷമായി ഓണം എന്നും നിലനിൽക്കട്ടെ.’’– മമ്മൂട്ടി പറഞ്ഞു.


കാഴ്ചകളുടെ ഉത്സവമായി വർണാഭമായ ഘോഷയാത്രയോടെ ഓണാഘോഷത്തിലേക്ക് നാടെങ്ങും കടന്നു. തൃപ്പൂണിത്തുറ ബോയ്‌സ് സ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്നു തുടങ്ങി നഗരം ചുറ്റിയാണ് ഘോഷയാത്ര. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ്‌ ഓഫ് ചെയ്തു. വ്യവസായ മന്ത്രി പി.രാജീവ് പതാക ഉയർത്തി. കോവിഡിനു ശേഷം തെളിഞ്ഞ അന്തരീക്ഷത്തിൽ വൻ ജനവലിയാണ് ഘോഷയാത്രക്കായി എത്തിയത്. ഇതേത്തുടർന്ന് വൻ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മാവേലിമാർ, പുലികളി, തെയ്യം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങി അനവധി ദൃശ്യങ്ങളാണ് മേളത്തോടെ ഘോഷയാത്രയിൽ അണിനിരന്നത്.