26 April 2024 Friday

ഈന്തപ്പഴം വിതരണം : കസ്റ്റംസ് , ടി.വി അനുപമയുടെ മൊഴി എടുത്തു

ckmnews

കൊച്ചി∙ സംസ്ഥാനത്തേക്ക് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തിൽ യുഎഇ കോൺസുലേറ്റും സംസ്ഥാന സർക്കാരും തമ്മിൽ യാതൊരുവിധ കത്തിടപാടുകളും നടത്തിയിട്ടില്ലെന്ന് അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി അനുപമയുടെ മൊഴി.മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ വാക്കാലുള്ള നിർദേശപ്രകാരമാണ് അനാഥാലയങ്ങളിലെ കുട്ടികൾക്ക് ഈന്തപ്പഴം നൽകുന്ന പദ്ധതി നടപ്പാക്കിയതെന്നാണ് മൊഴി. നികുതി അടയ്ക്കാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്ന കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കു മുമ്പിലാണ് ടി.വി. അനുപമ മൊഴി നൽകിയിരിക്കുന്നത്.2017 മേയ് 26നാണ് സംസ്ഥാനത്തെ അനാഥാലയങ്ങളിലെ കുട്ടികൾക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. യുഎഇ കോൺസുലേറ്റ് വഴിയായിരുന്നു ഈന്തപ്പഴം ഇറക്കുമതി ചെയ്തത്. എല്ലാ ജില്ലകളിലും സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യാനുള്ളതായിരുന്നു പരിപാടി. 17000 കിലോ ഈന്തപ്പഴം കേരളത്തിലേക്ക് ഇറക്കുമതി ചെയ്തെങ്കിലും ഇത് മുഴുവൻ എല്ലാ ജില്ലകളിലേക്കും എത്തിയിട്ടില്ലെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സാമൂഹിക നീതി വകുപ്പിലെയും പൊതുഭരണ വകുപ്പിലെയും മേധാവികളെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്.
ഈന്തപ്പഴം ആർക്കൊക്കെ വിതരണം ചെയ്തു എന്നതിന്റെ വിവരങ്ങൾ കഴിഞ്ഞമാസം 30ന് മുമ്പ് അറിയിക്കണമെന്ന് ഈ വകുപ്പുകൾക്ക് അന്വേഷണ സംഘം നിർദേശം നൽകിയിരുന്നു. ഈ വിവരങ്ങൾ ലഭിച്ച പിന്നാലെയാണ് ടി.വി അനുപമയുടെ മൊഴി രേഖപ്പെടുത്തിയത്. കൊച്ചി തുറമുഖത്തു കണ്ടെയ്നറിലെത്തിയ ഈന്തപ്പഴം വാങ്ങുന്നതിന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും നേരിട്ടെത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വപ്ന സെക്രട്ടേറിയറ്റിലെ ഉന്നതർക്കും തലസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥർക്കും ഈന്തപ്പഴം വിതരണം ചെയ്തതും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഈ കേസിലും സ്വർണക്കടത്ത് കേസ് പ്രതികളെ ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.