09 May 2024 Thursday

ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി

ckmnews


ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി. നവംബര്‍ മൂന്നിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി. ആവശ്യം പൊതുതാത്പര്യത്തിന് വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ 2011 ഡിസംബര്‍ 21ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 2 ജോടി ആനക്കൊമ്പുകള്‍ കണ്ടെടുത്തതാണ് കേസിന് ആധാരം. തുടര്‍ന്ന് ആനക്കൊമ്പുകള്‍ അനധികൃതമായി കൈവശംവെച്ചതിന് വനം വകുപ്പ് കേസെടുത്തു. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ 2015 ഡിസംബര്‍ 2ന് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. കേസ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലിരിക്കെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കി. ആനക്കൊമ്പുകള്‍ കൈവശംവെയ്ക്കാന്‍ മോഹന്‍ലാലിന് അനുമതി നല്‍കി വനം വകുപ്പ് 2016ല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.