09 May 2024 Thursday

പർദ്ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ പകർത്തി ഇൻഫോപാർക്കിലെ പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ

ckmnews

പർദ്ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ പകർത്തി


ഇൻഫോപാർക്കിലെ പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ


പർദ്ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ.ഇൻഫോപാർക്കിലെ പ്രമുഖ ഐടി സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന കണ്ണൂർ, ഓണക്കുന്ന്, കരുവള്ളൂർ, മുല്ലേഴിപ്പാറ വീട്ടിൽ അഭിമന്യു എം എ എന്ന ബിടെക് ബിരുദധാരിയായ യുവാവിനെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.കൊച്ചിയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷോപ്പിംഗ് മാളിൽ എത്തിയ ഇയാൾ കൈയിൽ കരുതിയിരുന്ന പർദ്ദ ഒരു ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ധരിക്കുകയും, തുടർന്ന് സ്ത്രീകളുടെ ശുചിമുറിക്കുള്ളിൽ കയറുകയുമായിരുന്നു.ശുചിമുറിക്കുള്ളിൽ കയറിയതിനുശേഷം ഇയാൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ഒരു കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ  ഒളിപ്പിച്ചു  വെച്ചതിനു ശേഷം അതിൽ ചെറിയ ദ്വാരം ഉണ്ടാക്കി ശുചിമുറിയുടെ വാതിലിനോട് ചേർത്ത് ഒട്ടിച്ചു വെച്ചു. തുടർന്ന് അവിടെ നിന്നും പുറത്തിറങ്ങിയ ഇയാൾ ശുചീമുറിയുടെ പ്രധാന വാതിലിന് മുൻപിൽ നിന്നു പരുങ്ങുകയും, ഇയാളുടെ ചേഷ്ടകളും പെരുമാറ്റവും കണ്ട് സംശയം തോന്നിയ മാളിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയും, തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ  കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ പെൺ വേഷം കെട്ടിയതാണെന്നും, ശുചിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്ന കാര്യവും വെളിവാകുന്നത്. ചോദ്യം ചെയ്യലിൽ പാലാരിവട്ടത്തുള്ള ഒരു തുണിക്കടയിൽ നിന്നാണ് ഇയാൾ പർദ്ദ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. ഇയാൾ വീഡിയോ പകർത്തുവാൻ ഉപയോഗിച്ച മൊബൈൽ ഫോണും ധരിച്ചിരുന്ന പർദ്ദയും മറ്റും പോലീസ് പിടിച്ചെടുത്തു.ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (വോയൂറിസം) സെക്ഷൻ 354(C), (ആൾമാറാട്ടം) 419 &  ഇൻഫർമേഷൻ ടെക്നോളജി  ആക്ട്  66(E) എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.ഇയാൾ മറ്റ് സ്ഥാപനങ്ങളിൽ ചെന്ന് ഇപ്രകാരം വീഡിയോ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കളമശ്ശേരിയിൽ  ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.