09 May 2024 Thursday

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: 21 ന് വീണ്ടും ചർച്ച ചെയ്യുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

ckmnews


സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. നിയന്ത്രണം ഉൾപ്പെടെ ഉള്ള തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും പ്രതിസന്ധിയുടെ കാര്യങ്ങൾ ഈ മാസം 21 ന് വീണ്ടും ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചനയാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി നൽകിയത്. സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്തതും വൈദ്യുതി ഉപഭോഗം കൂടിയതും പ്രതിസന്ധിയാണ്. ഇതുകൊണ്ട് തന്നെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാം. ഇത് മനസ്സിലാക്കി പീക്ക് അവറിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണം. നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ബോർഡിന് കനത്ത നഷ്ടം വരുത്തുന്നുണ്ട്. നിലവിലെ പ്രതിസന്ധി ഈമാസം 21 ന് ചേരുന്ന വൈദ്യുതി ബോർഡ് യോഗം വീണ്ടും ചർച്ച ചെയ്യും. ഇതിന് പുറമെ ഓണത്തിന് മുമ്പ് നെൽ കർഷകർക്ക് കുടിശ്ശിക തുക നൽകാൻ മന്ത്രിസഭ തീരുമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.


കർഷകരുടെ പ്രതിസന്ധി സർക്കാർ ഗൗരവമായി പരിഗണിക്കുന്നുവെന്നും സംസ്ഥാനത്തെ എല്ലാ കർഷകർക്കും ഓണത്തിന് മുൻപ് തന്നെ നെല്ലിന്റെ സംഭരണ വില ഓണത്തിന് മുൻപ് കൊടുത്ത് തീർക്കുവാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടന്നും മന്ത്രി വ്യക്തമാക്കി.