09 May 2024 Thursday

കോഴിക്കോട് ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ സംഭവം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണസംഘം

ckmnews


ഹോട്ടൽ ഉടമ സിദ്ദിഖിനെ കോഴിക്കോട് വെച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം ഉടൻ കുറ്റപത്രം സമർപ്പിക്കും. തുടരന്വേഷണം നടത്തിയ നടക്കാവ് പൊലീസ് ആണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിശദമായ കുറ്റപത്രം സമർപ്പിക്കുക.


മെയ് 18 നാണ് 3 സുഹൃത്തുക്കൾ ചേർന്ന് സിദ്ദിഖിനെ കൊലപ്പെടുത്തിയത്. തിരൂർ സ്വദേശിയും ഹോട്ടൽ ഉടമയുമായ സിദ്ദിഖിനെ കൊന്ന് പെട്ടിയിലാക്കി, അട്ടപ്പാടി ചുരത്തിൽ തള്ളിയ കേസിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുന്നത്. മെയ് 18 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കേസിൽ ഷിബിലി ,ഫർഹാന, ആഷിക് എന്നിവരാണ് പ്രതികൾ.

സിദ്ദിഖിനെ എരഞ്ഞിപ്പാലത്തുള്ള ഡി കാസ ഇൻ ഹോട്ടലിൽ എത്തിച്ച പ്രതികൾ, ഫർഹാനക്കൊപ്പം നഗ്ന ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുകയും വിസമ്മതിച്ചതോടെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി രണ്ട് ട്രോളി ബാഗുകളിലാക്കി. തുടർന്ന് സിദ്ദിഖിന്റെ കാറിൽ തന്നെ കയറ്റി അട്ടപ്പാടി ചുരത്തിൽ കൊണ്ടുപോയി തള്ളുകയായിരുന്നു.


അന്വേഷണത്തിൽ കൊല്ലാൻ ഉപയോഗിച്ച ചുറ്റിക, കട്ടർ, രക്തംപുരണ്ട തുണി തുടങ്ങിയ തെളിവുകൾ പൊലീസ് കണ്ടെടുത്തു ഇവയെല്ലാം കുറ്റപത്രത്തിനൊപ്പം കോടതിയിൽ ഹാജരാക്കും. കൂടാതെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ , സിദ്ദിഖിന്‍റെ ATM കാർഡ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും പൊലീസ് കോടതിയിൽ സമർപ്പിക്കും . കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, മോഷണം, അന്യായമായി തടവിൽ പാർപ്പിക്കൽ, കൈ കൊണ്ടും ആയുധം കൊണ്ടുമുള്ള അക്രമം തുടങ്ങി വിവിധ വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. ആദ്യം തിരൂർ പൊലീസ് അന്വേഷിച്ച കേസ് , കൃത്യം നടന്നത് നടക്കാവ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ പിന്നടെ കേസ് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ കഴിയുന്ന കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പി കെ ജിജീഷ് അറിയിച്ചു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ഇതൊഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് സമയ ബന്ധിതമായി കുറ്റപത്രം സമർപ്പിക്കുന്നത്.