09 May 2024 Thursday

കെഎസ്ആർടിസി ശമ്പള വിതരണം അടുത്ത ആഴ്ചയോടെ; അലവൻസും പരിഗണനയിലുണ്ടെന്ന് ധനമന്ത്രി

ckmnews


കെഎസ്ആർടിസി ജീവനക്കാർക്ക് അടുത്ത ആഴ്ചയോടെ ജൂലൈ മാസത്തെ ശമ്പളം നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഈ മാസം 22 നുള്ളിൽ ശമ്പളം നൽകാൻ ധാരണ. അംഗീകൃത യൂണിയനുകളുമായി നടത്തിയ മന്ത്രിതല ചർച്ചയിലാണ് ധാരണയായത്. ഓണം അലവൻസും പരിഗണനയിലുണ്ടെന്ന് ധനമന്ത്രി. അലവൻസ് തുക എത്ര നൽകണമെന്ന് മാനേജ്‌മെന്റ് തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചു.

ഉറപ്പുകൾ നടപ്പാക്കിയാൽ 26ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിക്കുമെന്ന് യൂണിയനുകൾ വ്യക്തമാക്കി. ചർച്ച നിരാശാജനകമല്ലെന്ന് സി.ഐ.ടി.യുവും, മറ്റ് വിഷയങ്ങളിൽ വിശദമായ തുടർ ചർച്ചകൾ വേണമെന്ന് ബിഎംഎസും പ്രതികരിച്ചു. ഓണത്തിന് മുമ്പ് ശമ്പളം നൽകിയില്ലെങ്കിൽ പണിമുടക്കുമെന്ന് ടി.ഡി.എഫ് മുന്നറിയിപ്പ് നൽകി.


അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഓണത്തിന് മുമ്പ് ജൂലൈയിലെ ശമ്പളം മുഴുവന്‍ നല്‍കണമെന്നാണ് കോടതി നിര്‍ദേശം. ജൂലൈ മാസത്തെ പെന്‍ഷനും ഉടന്‍ നല്‍കണമെന്ന് കോടതി വ്യക്തമാക്കി. 130 കോടി സര്‍ക്കാര്‍ നല്‍കിയാല്‍ ശമ്പളം മുഴുവന്‍ നല്‍കാനാകുമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് ഈ മാസം 21 ലേക്ക് മാറ്റി.