09 May 2024 Thursday

സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിന് ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കണം: വനിതാ കമ്മീഷന്‍

ckmnews


ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി സതീദേവി. തിരുവനന്തപുരത്ത് കേരള വനിത കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന രാജ്യത്തിന്റെ 77-ാംമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സന്ദേശം നല്‍കുകയായിരുന്നു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍.

രാജ്യത്ത് പിറന്നു വീണ ഓരോ പൗരനും അന്തസോടെ, ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനു വേണ്ടിയുള്ള അവകാശം പരിരക്ഷിക്കപ്പെടണം. ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ ബഹുസ്വരതയുടെ അന്തരീക്ഷം രാജ്യത്ത് നിലനിര്‍ത്തണം. രാജ്യം നേരിടുന്ന വെല്ലുവിളികളെ അതീജീവിക്കുന്നതിന് വിശാലമായ രാജ്യസ്‌നേഹത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കണം. രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കൈകോര്‍ക്കാം.


രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് അനുസരിച്ചുള്ള ഭരണ സംവിധാനം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണം. വിശാലമായ ജനകീയ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിന് രാജ്യത്തെ മുഴുവന്‍ പൗരന്മാരും മുന്നോട്ടു വരണമെന്നും വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു.