09 May 2024 Thursday

ഹൈദരാബാദിലെ വ്യാപാരിയില്‍നിന്ന് 65 ലക്ഷം രൂപ തട്ടി; മലയാളി യുവാവും പങ്കാളിയും കൊല്ലത്ത് പിടിയിൽ

ckmnews


 കൊല്ലം : മദ്യവ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി ഹൈദരാബാദിലെ വ്യാപാരിയില്‍നിന്ന് 65 ലക്ഷം രൂപ തട്ടി തട്ടിയ കേസിൽ മലയാളി യുവാവും പങ്കാളിയും ബെംഗളൂരുവിൽ പിടിയിൽ. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും തൃശൂര്‍ അത്താണി സ്വദേശിയുമായ സുബീഷ് പി. വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശില്‍പ ബാബു (27) എന്നിരാണ് എച്ച്‌.എ.എല്‍ പൊലീസിന്റെ പിടിയിലായത്. ഇരുവരും മാറത്തഹള്ളിയില്‍ ഒരുമിച്ചായിരുന്നു താമസം. കേരളത്തിൽ നിന്നാണ് ഇരുവരെയും പിടികൂടുന്നത്. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗളൂരു പൊലീസിനു കൈമാറുകയായിരുന്നു.


കെ ആർ കമലേഷ് എന്ന വ്യാപാരി കഴിഞ്ഞ വർഷമാണ് പണം നൽകിയത്. മദ്യം ഇറക്കുമതി ചെയ്ത് വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന ബിസിനസില്‍ പങ്കാളിത്തവും വൻ ലാഭവും വാഗ്ദാനം ചെയ്താണ് പ്രതികള്‍ പണം കൈപ്പറ്റിയത്. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും പണം നൽകാതെ വന്നതോടെ കമലേഷ് പണം തിരിച്ചു ചോദിക്കുകയായിരുന്നു. എന്നാൽ നൽകാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായും നിരവധി രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ബംഗളൂരുവിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തിരിക്കുകയാണ്.