09 May 2024 Thursday

വീട്ടുജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; വടക്കഞ്ചേരിയില്‍ നാലംഗ സംഘം പിടിയില്‍

ckmnews



പാലക്കാട് വടക്കഞ്ചേരിയില്‍ മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍. ജോലി വാഗ്ദാനം ചെയ്തു യുവതികളെ തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന നാലംഗ സംഘമാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. തട്ടിപ്പിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്.


കഴിഞ്ഞ 28ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വെച്ച് യുവതിയെ കണ്ടെത്തുകയും ഇവരെ വിശദമായ കൗണ്‍സിലിംഗിന് വിധേയയാക്കുകയും ചെയ്തതിന് പിന്നാലെയാണ് മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. വീട്ടുജോലി വാഗ്ദാനം ചെയ്ത് യുവതികളെ തമിഴ്‌നാട്ടിലെത്തിച്ച് വില്‍പ്പന നടത്തിയിരുന്ന നാലംഗ സംഘമാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്.വീട്ടുജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 40,000 രൂപ യുവതിക്ക് അഡ്വാന്‍സ് നല്‍കിയെന്നും, തമിഴ്‌നാട് എത്തിയപ്പോള്‍ മറ്റൊരു യുവാവിന് തന്നെ വില്‍പ്പന നടത്തിയെന്നും യുവതി പോലീസിനു മൊഴി നല്‍കി. മനുഷ്യക്കടത്ത് ആസൂത്രണം ചെയ്ത വടക്കഞ്ചേരി സ്വദേശി മണി, മുഹമ്മദ് കുട്ടി എന്നിവര്‍ക്കൊപ്പം, ഏജന്റുമാരായി പ്രവര്‍ത്തിച്ച വടക്കഞ്ചേരി സ്വദേശിനി ബല്‍ക്കീസ്, ഗോപാലന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.


പാവപ്പെട്ട കുടുംബങ്ങളിലെ യുവതികളെയാണ് സംഘം തട്ടിപ്പിനായി തെരഞ്ഞെടുത്തിരുന്നതെന്നും, കൂടുതല്‍ യുവതികള്‍ സംഘത്തിന്റെ കെണിയില്‍ അകപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് മനുഷ്യക്കടത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതും പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ ആലത്തൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.