09 May 2024 Thursday

‘കെഎസ്ഇബിയുടെ വാഴവെട്ട് ആവര്‍ത്തിക്കില്ല’; ഇടപെടലുണ്ടാകുമെന്ന് കൃഷിമന്ത്രി

ckmnews


കോതമംഗലം വാരപ്പെട്ടിയിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വാഴ വെട്ടി നിരത്തിയതിന് സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇടപടലുണ്ടാകുമെന്ന് കൃഷിമന്ത്രി. മുന്നറിയിപ്പില്ലാതെ കൃഷി നശിപ്പിച്ച രീതി ശരിയായില്ല. കർഷകന് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

 കെഎസ്ഇബി ഉദ്യോഗസ്ഥർ വാഴ വെട്ടി നിരത്തിയ കൃഷിയിടം സന്ദർശിച്ച ശേഷമായിരുന്നു കൃഷിമന്ത്രി പി.പ്രസാദിന്റെ പ്രതികരണം. ഉച്ച സമയത്ത് വൈദ്യുതി ലൈനുകൾ കൂടുതൽ താഴ്ന്നുവരുന്നതായി കർഷകർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. കൃഷിയിടത്തിലേക്ക് തൂങ്ങിക്കിടക്കുന്ന ഹൈടെൻഷൻ വൈദ്യുതി ലൈനുകളുടെ കാര്യത്തിൽ കെഎസ്ഇബിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആർക്കും അപകടം ഉണ്ടാകാത്ത തരത്തിലുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചിട്ടുണ്ട്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തത്‌. വാഴ വെട്ടിയതിന് സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകുമെന്നും പി.പ്രസാദ് വ്യക്തമാണ്‌.

ഹൈടെൻഷൻ വൈദ്യുതി ലൈനുകൾക്ക് താഴെ എന്തെല്ലാം തരത്തിലുള്ള കൃഷി ചെയ്യാമെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യം കർഷകർ മുന്നോട്ടു വെച്ചു. ഇക്കാര്യത്തിൽ വൈദ്യുതി വകുപ്പുമായി ചേർന്ന് കർഷകർക്ക് പരിശീലനം നൽകുന്ന കാര്യം ആലോചിക്കാമെന്ന് മന്ത്രി മറുപടി നൽകി. വാഴ വെട്ടിയതിൽ വൈദ്യുതിവകുപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ കൈമാറുമെന്ന് കൃഷിയിടത്തിന്റെ ഉടമ തോമസിനെ മന്ത്രി അറിയിച്ചു.