09 May 2024 Thursday

നാമജപയാത്ര: കേസിൽ തുടർ നടപടി നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

ckmnews


സ്പീക്കർ എ.എൻ.ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികൾ സ്‌റ്റേ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് നാലാഴ്ചത്തേക്കാണ് സ്റ്റേ.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ പരിഗണിച്ചത്. നിയമവിരുദ്ധമായാണ് തങ്ങൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസപ്പെടുത്തൽ, പൊലീസിന്റെ നിർദേശം പാലിക്കാതിരിക്കൽ, ശബ്ദശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.


സ്പീക്കറുടെ വിവാദ പ്രസംഗത്തിനെതിരെ എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് രണ്ടിനായിരുന്നു നാമപജപ യാത്ര നടത്തിയത്. യാത്ര ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും, ഗതാഗത തടസ്സം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി കന്റോൺമെന്റ് പൊലീസാണ് കേസ് എടുത്തത്. സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ്. പരിപാടിയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.


എന്നാൽ, നാമം ജപിച്ചുകൊണ്ടു റോഡിലൂടെ നടക്കുകയാണ് ചെയ്‌തതെന്നും പൊതുസ്ഥലത്ത് അസൗകര്യമുണ്ടാക്കിയെന്ന് മാത്രമാണ് എഫ്ഐആറിൽ പറയുന്നതെന്നുമാണ് ഹർജിക്കാരന്റെ വാദം.