09 May 2024 Thursday

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: വീടുകൾ തകർന്നു, 5 പേർ കുടുങ്ങിയതായി റിപ്പോർട്ട്

ckmnews


ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം. സിർമൗർ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി വീടുകൾ തകർന്നു. ഒരു കുടുംബത്തിലെ അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ. അതേസമയം ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുധനാഴ്ച രാത്രിയാണ് ജില്ലയിലെ പോണ്ട സാഹിബ് മേഖലയിൽ മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്ഫോടനത്തെ തുടർന്ന് മണാലി ദാദിയ ഗ്രാമത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി. നിരവധി വീടുകൾ തകർന്നു. ഒരു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനും കുടുംബവും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

മലഗി ദാദിയാത്തിലെ വസ്തുവകകൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ഗിരി നദിയിലെ ജലനിരപ്പും ഉയർന്നതായും അധികൃതർ. മേഘവിസ്ഫോടനത്തെത്തുടർന്ന് ദേശീയ പാത-707-ന്റെ ഒരു ഭാഗം അടച്ചു. സംസ്ഥാനത്ത് 190-ഓളം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സിനെ വിളിച്ചിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു.