09 May 2024 Thursday

ഭാര്യയുടെ നിറം കറുപ്പ് ആയതിന് തടാകത്തിൽ തള്ളിയിട്ട് കൊന്നു 8 വർഷത്തിന് ശേഷം സത്യം പുറത്ത്, ഭർത്താവ് പിടിയിൽ

ckmnews

ഭാര്യയുടെ നിറം കറുപ്പ് ആയതിന് തടാകത്തിൽ തള്ളിയിട്ട് കൊന്നു


8 വർഷത്തിന് ശേഷം സത്യം പുറത്ത്, ഭർത്താവ് പിടിയിൽ


പത്തനംതിട്ട: ഭാര്യയെ ശാസ്താംകോട്ട തടാകത്തിൽ തള്ളിയിട്ട് കൊന്ന കേസിൽ എട്ട് വർഷത്തിന് ശേഷം ഭർത്താവ് അറസ്റ്റിലായി. തേവലക്കര സ്വദേശി ഷിഹാബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയായിരുന്ന പുനലൂർ വാളക്കോട് സ്വദേശി ഷജീറയാണ് 2015 ജൂൺ 17ന് ശാസ്താംകോട്ട കല്ലുംമൂട്ട് കടവിൽ തടാകത്തിൽ മരിച്ചത്.


എട്ട് വർഷം മുൻപ് ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിലാണ് ഷജീറയെ ശാസ്താംകോട്ട പത്മാവതി ആശുപത്രിയിൽ എത്തിച്ചത്.അബോധാവസ്ഥയിൽ മൂന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം. ഷജീറയുടെ ബന്ധുക്കളുടെ പരാതിയിൽ 2017 ൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. 


കൊല്ലം തേവലക്കര പാലക്കൽ മുറിയിൽ ബദരിയ മൻസിലിൽ ഷിഹാബിന്റെ രണ്ടാം ഭാര്യയായിരുന്നു പുനലൂർ വാളക്കോട് കണ്ണങ്കര വീട്ടിൽ ഷജീറ. വിവാഹം കഴിഞ്ഞ് ഏഴാം മാസം ഷജീറ കൊല്ലപ്പെട്ടു.വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്ക് കിട്ടിയതെന്ന് പറഞ്ഞ് ഷിഹാബ് നിരന്തരം ഷജീറയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഫോൺ ചെയ്യാൻ പോലും ഷജീറയെ അനുവദിച്ചിരുന്നില്ല.


കൊലപാതകം നടന്ന ദിവസം കരിമീൻ വാങ്ങാമെന്ന പേരിലാണ് മൺറോത്തുരുത്തിന് സമീപത്തെ പെരിങ്ങാലത്തേക്ക് ഷജീറയുമായി ഷിഹാബ് എത്തിയത്. കരിമീൻ കിട്ടാതെ ഇവിടെ നിന്ന് മടങ്ങി. ആറരയോടെ ജങ്കാറിൽ കല്ലുമൂട്ടിൽ കടവിൽ തിരികെ എത്തി. തലവേദനയാണെന്ന് പറഞ്ഞ് ഷിഹാബ് ഇരുട്ടും വരെ ഇവിടെ തുടർന്നു.തുടർന്ന് വെളിച്ച സൗകര്യമില്ലാത്ത കടവിൽ നിന്ന് ഷെജീറയുമായി ബോട്ട് ജെട്ടിയിലേക്ക് നടത്തിച്ചു. പിന്നീട് ആരും കാണാതെ ഷജീറയെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ആൾക്കാർ കൂടിയപ്പോൾ അബദ്ധത്തിൽ കാൽതെറ്റി വീണതെന്ന നിലയിൽ ഷിഹാബ് അഭിനയിച്ചു. 


എന്നാൽ സംഭവം ആരും നേരിൽക്കണ്ടിട്ടില്ല. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് കേസന്വേഷണത്തിൽ നിർണായകമായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കും. ക്രൈം ബ്രാഞ്ച് സിഐ ഷിബു പാപ്പച്ചൻ, എസ്ഐമാരായ ആൻഡ്രിക് ഗ്രോമിക്, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടത്തിയത്.