09 May 2024 Thursday

മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ പ്രതിഷേധം; ഹർഷിന അടക്കം 12 പേർ അറസ്റ്റിൽ

ckmnews


കോഴിക്കോട്∙ മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരായ പ്രതിഷേധത്തിൽ ഹർഷീന അടക്കം 12പേർ അറസ്റ്റിൽ. ഹർഷീന, ഭർത്താവ് അഷറഫ്, സമരസമിതി നേതാവ് എന്നിവരടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. 


മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ തല മെഡിക്കൽ ബോർഡ് തള്ളിയതായി സൂചനയുണ്ട്. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ആർട്ടറിഫോർസെപ്സ് കുടുങ്ങിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. 2017 ജനുവരി 27ന് തലവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എംആർഐ സ്കാനിങ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനം. അന്നത്തെ സ്കാനിങ് പരിശോധനയിൽ കണ്ടെത്താതിരുന്ന ലോഹവസ്തുവാണ് 5 വർഷത്തിനുശേഷം ഹർഷിനയുടെ വയറ്റിൽനിന്ന് കണ്ടെത്തിയത്.എന്നാൽ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽനിന്നാണെന്ന് എംആർഐ റിപ്പോർട്ട് പ്രകാരം മാത്രം തീരുമാനിക്കാൻ പറ്റില്ലെന്ന നിലപാടാണ് മെഡിക്കൽ ബോർഡിലെ ഭൂരിഭാഗം ഡോക്ടർമാരും സ്വീകരിച്ചത്. ബോർഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ ഈ നിലപാടിനെ മറ്റുള്ളവരും അനുകൂലിക്കുകയായിരുന്നു