09 May 2024 Thursday

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

ckmnews



പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭ നാളെ താൽക്കാലികമായി പിരിയും. സെപ്റ്റംബര്‍ 11 മുതല്‍ വീണ്ടും ചേരാനും തീരുമാനിച്ചിട്ടുണ്ട്. പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഓഗസ്റ്റ് ഏഴിനാണ് ആരംഭിച്ചത്. ഈ മാസം 24 വരെ നിയമസഭ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.


കാര്യോപദേശകസമിതി യോഗമാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 11 മുതല്‍ നാലു ദിവസം ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്.


നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17 നാണ്. സൂക്ഷ്മ പരിശോധന– ഓഗസ്റ്റ് 18, നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി– ഓഗസ്റ്റ് 21. എട്ടിനാണ് വോട്ടെണ്ണല്‍. പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പുതുപ്പള്ളിക്കു പുറമേ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ 5 ന് ഉപതെരഞ്ഞെടുപ്പ് നടക്കുക.