09 May 2024 Thursday

മുന്‍ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി; ഡ്രഡ്ജര്‍ അഴിമതി കേസില്‍ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ckmnews

ഡ്രഡ്ജര്‍ അഴിതി കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി. കേസില്‍ അന്വേഷണം തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേസ് റദാക്കിയ ഹൈക്കോടതി വിധിക്ക് പരമോന്നത കോടതിയുടെ സ്റ്റേ. കേസില്‍ രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിനുള്ള നിര്‍ദ്ദേശം. അന്വേഷണത്തിനിടെ ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ ഇറക്കുമതി ചെയ്തതിൽ ക്രമക്കേട് ആരോപിച്ച് 2019 ലാണ് ജേക്കബ് തോമസിനെതിരെ വിജിലൻസ് കേസെടുത്തത്. മൂന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഡിപ്പാര്‍ട്ട്മെന്റ് പര്‍ച്ചേസ് കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജര്‍ വാങ്ങിയത്. അതിനാല്‍ ജേക്കബ് തോമസിന്റെ പേരില്‍ മാത്രം എടുത്ത കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.കേസ് റദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാര്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഹോളണ്ടിലെ കമ്പനിയിൽ നിന്നു ഡ്രഡ്ജര്‍ വാങ്ങിയതിന്റെ പല വിവരങ്ങളും സർക്കാരിൽ നിന്ന് മറച്ചുവച്ചെന്ന് അപ്പീലിൽ ആരോപിക്കുന്നു. ടെൻഡർ നടപടികളിൽ ജേക്കബ് തോമസിന് ഗുരുതരവീഴ്ച സംഭവിച്ചെന്നും ആരോപണമുണ്ട്. കേസ് പരിഗണിച്ച സുപ്രീം കോടതി കേസിൽ അന്വേഷണം തുടരാൻ ഉത്തരവിടുകയായിരുന്നു. ഡ്രഡ്ജർ ഇടപാടിൽ ഉൾപ്പെട്ട എല്ലാവരുടെയും പങ്കിനെക്കുറിച്ച് അന്വേഷിക്കാനും നിർദ്ദേശമുണ്ട്.