09 May 2024 Thursday

ട്യൂഷന്‍ സെന്‍ററുകളില്‍ നൈറ്റ് ക്ലാസും വിനോദയാത്രയും പാടില്ല; ബാലാവകാശ കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി

ckmnews


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളേജുകളും നടത്തുന്ന വിനോദയാത്രകൾക്കും രാത്രികാല പഠനക്ലാസിനും ബാലാവകാശ കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തി. പത്ത്, പ്ലസ് ടു പരീക്ഷകൾക്ക് മുന്നോടിയായി നടത്തുന്ന രാത്രികാല പഠനക്ലാസുകളും വിനോദയാത്രകളും നിരോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തദ്ദേശ സെക്രട്ടറി, ഗതാഗത കമ്മിഷണർ എന്നിവർക്ക് ബാലാലകാശ കമ്മിഷൻ നിർദേശം നൽകി.

സ്‌കൂളിലെ ക്ലാസിന് ശേഷം നടക്കുന്ന മണിക്കൂറുകളോളം നീളുന്ന ഇത്തരം നൈറ്റ് സ്റ്റഡി ക്ലാസുകള്‍ അശാസ്ത്രീയമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇത് വെല്ലുവിളി ഉയര്‍ത്തും. രക്ഷിതാക്കള്‍ക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കാനും ഇത്തരം ക്ലാസുകള്‍ കാരണമാകും. അതിനാല്‍ രാത്രികാല ക്ലാസുകള്‍ പൂര്‍ണമായും നിരോധിക്കുകയാണെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

വാളകം മാർത്തോമ ഹൈസ്കൂൾ അധ്യാപകൻ സാം ജോൺ നൽകിയ പരാതിയില്‍ കമ്മിഷൻ അംഗം റെനി ആന്റണിയാണ് ഉത്തരവിറക്കിയത്. പോലീസ്, റീജണൽ ട്രാൻസ്പോർട്ട് ഓഫീസര്‍ എന്നിവരുടെ വിശദീകരണവും ഇക്കാര്യത്തിൽ കമ്മിഷൻ തേടിയിരുന്നു.


സർക്കാര്‍ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിച്ച് സ്കൂളുകൾ നടത്തുന്ന വിനോദയാത്രകള്‍ക്ക് പുറമെയാണ് രജിസ്‌ട്രേഷനോ ലൈസൻസോ ഇല്ലാത്ത ഇത്തരം സ്വകാര്യസ്ഥാപനങ്ങള്‍ കുട്ടികളുടെ നിർബന്ധ പ്രകാരം ടൂറുകള്‍ സംഘടിപ്പിക്കുന്നത്. ഇത്തരം യാത്രകളില്‍ സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ആരും പാലിക്കുന്നില്ലെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.