09 May 2024 Thursday

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

ckmnews


തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയ്ക്കിടെ ഡോക്ടര്‍ വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി ജി സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചതാണ് ഇക്കാര്യം. കൊല്ലം നെടുമ്പന യു പി സ്‌കൂള്‍ അധ്യാപകനായ സന്ദീപിനെ ആഭ്യന്തരറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടതെന്ന് മന്ത്രി വ്യക്തമാക്കി.അധ്യാപകനായ ജി സന്ദീപ് പൊലീസ് ചികിത്സയ്ക്കായി എത്തിച്ചപ്പോൾ മെയ് പത്തിന് പുലര്‍ച്ചെ ആശുപത്രി ജീവനക്കാരെയും പൊലീസിനെയും അക്രമിച്ചിരുന്നു. സർജിക്കൽ ഉപകരണം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഡോക്ടര്‍ വന്ദനാദാസ് കൊല്ലപ്പെട്ടിരുന്നു.സംരക്ഷണാനൂകൂല്യത്തില്‍ സേവനത്തില്‍ തുടരുന്ന ജി സന്ദീപിന്റെ ഇത്തരത്തിലുള്ള പെരുമാറ്റവും നടപടികളും മാതൃക അധ്യാപകന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധവും ഇത്തരം പ്രവൃത്തി അധ്യാപകസമൂഹത്തിന് ആകെ തന്നെ അപമതിപ്പുണ്ടാക്കുന്നതിനാലും ഈ അധ്യാപകര്‍ സേവനത്തില്‍ തുടരുന്നത് അഭികാമ്യമല്ലെന്ന് വിലയിരുത്തകുയം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.കഴിഞ്ഞ മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് എന്നയാളാണ് വന്ദനയെ കൊലപ്പെടുത്തിയത്. ചികിത്സയ്ക്കായി പൊലീസ് എത്തിച്ച സന്ദീപ് ഡോ. വന്ദനയെ കുത്തുകയായിരുന്നു. ഉടൻതന്നെ വന്ദനയെ കൊട്ടാരക്കരയിലെയും പിന്നീട് തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ദീപിന്‍റെ ആക്രമണത്തിൽ പൊലീസുകാർ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റിരുന്നു.