09 May 2024 Thursday

നാമജപ യാത്രക്കെതിരായ പൊലീസ് കേസ്; എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്

ckmnews



തിരുവനന്തപുരം: മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തതില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കറുടെ മിത്ത് പരാമർശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രയ്ക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെയാണ് കേസെടുത്തത്.

സ്പീക്കറുടെ പരാമർശത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി എൻഎസ്എസ് കാത്തിരിക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി വിഷയത്തിൽ തൊടാതെയാണ് പ്രസം​ഗിച്ചത്. അതേസമയം, വിഷയത്തിൽ കോൺഗ്രസ് അടക്കം പിന്തുണ പ്രഖ്യാപിച്ചത് നേട്ടമായിട്ടാണ് എൻഎസ്എസ് കണക്കാക്കുന്നത്.

നാമജപ യാത്രക്കെതിരെ കേസെടുത്ത നടപടിയിൽ ബിജെപിയും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആർഎസ്എസ്- വിഎച്ച്പി നേതാക്കൾ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ട് പിന്തുണ അറിയിച്ചു.