09 May 2024 Thursday

വൈദ്യുതി ബില്‍ കുടിശ്ശിക പലിശയിളവോടെ തീര്‍ക്കാൻ അവസരമൊരുക്കി കെഎസ്‌ഇബി.

ckmnews

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശ്ശിക വൻ പലിശയിളവോടെ തീര്‍ക്കാൻ സുവര്‍ണ്ണാവസരമൊരുക്കി കെഎസ്‌ഇബി. രണ്ടു വര്‍ഷത്തിന് മേല്‍ പഴക്കമുള്ള കുടിശ്ശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ആകര്‍ഷകമായ പലിശയിളവോടെ തീര്‍പ്പാക്കാനാണ് അവസരമുള്ളത്.റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാം.


ലോ ടെൻഷൻ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കള്‍ സ്പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. 15 വര്‍ഷത്തിന് മുകളിലുള്ള കുടിശ്ശികകള്‍ക്ക് പലിശ നാല് ശതമാനം മാത്രമാണ്. അഞ്ച് മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് പലിശ അഞ്ച് ശതമാനമാണ്. രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് പലിശ ആറ് ശതമാനവുമാണ്.വൈദ്യുതി കുടിശ്ശികകള്‍ക്ക് ഉള്ള പലിശകള്‍ 6 തവണകളായി അടയ്ക്കാൻ അവസരമുണ്ട്. മുഴുവൻ വൈദ്യുതി കുടിശ്ശികയും പലിശയുള്‍പ്പെടെ ഒറ്റത്തവണയായി തീര്‍പ്പാക്കിയാല്‍ ആകെ പലിശ തുകയില്‍ രണ്ട് ശതമാനം അധിക ഇളവും ലഭിക്കും. പരിമിതകാലത്തേക്കു മാത്രമാണ് ഈ അവസരമെന്നും കെഎസ്‌ഇബി അറിയിച്ചു.