09 May 2024 Thursday

കുറ്റബോധമില്ലാതെ പ്രതി; പിടിയിലായത് കൊടും കുറ്റവാളിയെന്ന് റിപ്പോർട്ട്

ckmnews


ആലുവയിൽ അഞ്ചുവയസ്സുകാരി മരിച്ചിട്ടും പ്രതി പൊലീസ് സ്റ്റേഷനിൽ ഇരിക്കുന്നത് യാതൊരു കുറ്റബോധവും ഇല്ലാതെയെന്ന് റിപ്പോർട്ട്. പ്രതി കൊടും കുറ്റവാളി എന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്. പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്നും സൂചനയുണ്ട്. അതിർത്തി വഴിയെത്തി ഇന്ത്യയിൽ വ്യാജമായി ആധാർ കാർഡ് സ്വന്തമാക്കി എന്നാണ് റിപ്പോർട്ട്. കേരളത്തിൽ എത്തും മുമ്പാണ് ആധാർ കാർഡ് ഉണ്ടാക്കിയതെന്നു പൊലീസിന് സംശയിക്കുന്നു.

ആലുവ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കുട്ടി താമസിച്ചിരുന്ന വാടകവീട്ടിലും പഠിച്ചിരുന്ന സ്‌കൂളിലും പൊതുദർശനത്തിനായി എത്തിക്കും. ഇതിനുശേഷമാകും പഞ്ചായത്ത് ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കുക.


ക്രൂര പീഡനത്തിന് കുട്ടി ഇരയായിരുന്നതായി റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ അസഫാക്കെന്ന പതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു.


പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെയാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.