09 May 2024 Thursday

മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥിയുടെ മരണം; പ്രതി ആണ്‍സണ് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്ന് എംവിഡി

ckmnews


മൂവാറ്റുപുഴയിൽ കോളജ് വിദ്യാർത്ഥിനി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ച സംഭവത്തില്‍ ബൈക്കോടിച്ചിരുന്ന ആൻസണ് ഡ്രൈവിംഗ് ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ആൻസൻ ലേണേഴ്സ് ലൈസൻസിനായി അപേക്ഷ സമർപ്പിച്ചിട്ടു പോലുമില്ലായിരുന്നുവെന്നും ബൈക്കിന് രൂപമാറ്റം വരുത്തിയതായും പരിശോധനയിൽ കണ്ടെത്തി.


അപകട കാരണമായ ബൈക്കിന്റെ സൈലൻസറും ക്രാഡ് ഗാർഡും കണ്ണാടികളും ഊരി മാറ്റിയിരുന്നുവെന്ന് മൂവാറ്റുപുഴ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജിൻസ് ജോർജ്ജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ എംവിഐ റിപ്പോർട്ട് നൽകും.

അതേസമയം, കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ആൻസൻ റോയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്തിലധികം കേസുകളിൽ പ്രതിയാണ് ആൻസൻ. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇയാൾ അപകട സമയത്ത് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയാൽ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസിന്‍റെ നീക്കം.