09 May 2024 Thursday

മൈക്ക് തടസപ്പെട്ട സംഭവം; പൊലീസ് കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി

ckmnews


ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പൊലീസ് അവസാനിപ്പിച്ചു. കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകി. പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

സംഭവത്തിൽ പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം നൽകിയ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി. ഹൗളിംഗ് ഉണ്ടായത് ബോധപൂര്‍വമല്ലെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുഖ്യമന്ത്രി തന്നെ കേസില്‍ ഇടപെട്ട് സുരക്ഷാ പരിശോധനയല്ലാതെ എല്ലാം അവസാനിപ്പിക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവർത്തിച്ചുവെന്നായിരുന്നു എഫ്ഐ ആർ. പൊലീസ് സ്വമേധയാ എടുത്ത കേസിൽ പ്രതിയാരെന്ന് പറഞ്ഞിരുന്നില്ല.

കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ്‌വി സൗണ്ട്സ് ഉടമ രജ്ഞിത്തിൽ നിന്നും മൈക്കും ആംപ്ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും ഉടമയ്ക്ക് തിരിച്ചു നൽകുകയും ചെയ്തു.