09 May 2024 Thursday

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹൈബ്രിഡ് ബസുകൾ പുറത്തിറക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ് ചിങ്ങം ഒന്ന് മുതൽ സർവീസ്

ckmnews



അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹൈബ്രിഡ് ബസുകൾ പുറത്തിറക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ്. ചിങ്ങം ഒന്നിന് സർവീസ് ആരംഭിക്കാനിരിക്കുന്ന രണ്ട് ഹൈബ്രിഡ് ബസുകൾ തിരുവനന്തപുരത്ത് എത്തി. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്കും തിരിച്ചും സർവീസ് നടത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ഇതാദ്യമായാണ് സ്ലീപ്പർ, സെമി സ്ലീപ്പർ സീറ്റകൾ അടങ്ങിയ ഹൈബ്രിഡ് ബസുകൾ കെ.എസ്.ആർ.ടി.സിയുടെ ഭാഗമാകുന്നത്. 42 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബസിൽ 15 സ്ലീപ്പർ ബർത്തുകളും 27 സെമി സ്ലീപ്പർ സീറ്റുകളും ഉണ്ട്. അത്യാധുനിക സൗകര്യങ്ങളാണ് ബസിൽ ഉള്ളത്. ഓരോ സീറ്റിലും പ്രത്യേകം ചാർജിംഗ് പോയിന്റുകളും ലൈറ്റുകളും ഉണ്ട്. ഓൺലൈൻ ബസ് ട്രാക്കിംഗ് സംവിധാനം, നിരീക്ഷണ ക്യാമറകൾ, അനൗൺസ്‌മെന്റ് സംവിധനം അങ്ങനെ നീളുന്നു പ്രത്യേകതകൾ. പദ്ധതി വിജയിച്ചാൽ കൂടുതൽ ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

കെഎസ്ആർടിസി സ്വിഫ്റ്റിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലിക്ക് പ്രവേശിക്കുന്നവർ നൽകുന്ന സേപ്പോസിറ്റ് തുക ഉപയോഗിച്ചാണ് ഒരു എസി ബസും ഒരു നോൺ എസി ബസും വാങ്ങിയത്. ലാഭത്തിന്റെ വിഹിതം താത്കാലിക ജീവനക്കാർക്കും നൽകും. എസി ബസിന് 50 ലക്ഷവും നോൺ എസിക്ക് 43 ലക്ഷവുമാണ് വില. തിരുവനന്തപുരത്ത് എത്തിച്ച രണ്ട് ബസുകളും ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് സർവീസ് ആരംഭിക്കും.