09 May 2024 Thursday

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് നിരക്ക് കൂടും; 18% ജിഎസ്ടി ഏർപ്പെടുത്തി

ckmnews



തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേളകളിൽ പങ്കെടുക്കാനുള്ള ഡെലിഗേറ്റ് പാസിന് ഇനി ജിഎസ്ടി ബാധകം. ഇതോടെ രാജ്യാന്തര ചലച്ചിത്രോത്സവം, രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയുടെ ടിക്കറ്റ് നിരക്ക് കൂടും. ആദ്യമായാണ് ഇത്തരത്തിൽ ചലച്ചിത്ര മേളയുടെ പാസുകൾക്ക് ജിഎ സ്ടി ഈടാക്കുന്നതെന്ന് മലയാള മനോരമ റിപ്പോർട്ടിൽ പറയുന്നു.

അടുത്ത ആഴ്ച ആരംഭിക്കാൻ പോകുന്ന രാജ്യാന്തര ഷോർട് ഫിലിം ഫെസ്റ്റിവലിനു കഴിഞ്ഞ വർഷത്തേക്കാൾ നിരക്ക് കൂടും. അതായത് മുൻ വർഷങ്ങളിൽ 500 രൂപ മുടക്കിയിടത്ത് ഈ വർഷം മുതൽ 18% ജിഎസ്ടി ഉൾപ്പെടെ 590 രൂപ നൽകണം. ഇത്തവണ ഫെസ്റ്റിവലിനു 1200 പേരെയാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന് ഡെലിഗേറ്റ് പാസ് 1000 രൂപയ്ക്ക് ലഭിച്ചിരുന്നത് ഇനി 1180 രൂപയാകും. ഓഡിറ്റിങ്ങിനെ തുടർന്നുള്ള നിർദേശ പ്രകാരമാണ് ജിഎസ്ടി ഈടാക്കുന്നതെന്നും നിയമപര മായ കാര്യമാണിതെന്നും ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കമ്മിറ്റി അറിയിച്ചു.