09 May 2024 Thursday

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്; മലപ്പുറം ഉൾപ്പെടെ ആറു ജില്ലകളിൽ യെല്ലോ അലർട്ട്

ckmnews



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വടക്കൻ ജില്ലകളിലാണ് മഴ കനക്കുക. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിയ്ക്കൂറിൽ 50 കിലോമീറ്റർ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 26 ഓടെ വീണ്ടും തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിച്ച് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


വടക്ക് പടിഞ്ഞാറൻ മധ്യ പ്രദേശിന് മുകളിലാണ് ചക്രവാതചുഴി സ്ഥിതിചെയ്യുന്നത്. കച്ചിന് മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.


ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾക്ക് അവധിയാണ്.