09 May 2024 Thursday

മുട്ടില്‍ മരംമുറി കേസ്; മരംമുറിക്കാന്‍ അനുമതി തേടിയിട്ടില്ലെന്ന് ഭൂവുടമ

ckmnews


മുട്ടില്‍ മരംമുറി കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഭൂവുടമ. മരംമുറിക്കാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും രേഖകള്‍ തയ്യാറാക്കിയത് റോജി അഗസ്റ്റിനാണെന്നും മരം നല്‍കിയ ഭൂവുടമ വാളംവയല്‍ ഊരിലെ ബാലന്‍ പറഞ്ഞു. മരംമുറി വിവാദമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് എത്തിയപ്പോഴാണ് അനുമതിയില്ലാത്ത കാര്യം ഇവര്‍ അറിയുന്നത്.

ഫോറന്‍സിക് പരിശോധനയില്‍ മുട്ടില്‍ സൗത്ത് വില്ലേജില്‍ വ്യാജ ഒപ്പിട്ടുകൊണ്ട് അപേക്ഷ നല്‍കിയത് റോജിയാണെന്ന് കണ്ടെത്തിയിരുന്നു. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്. ഭൂവുടമകള്‍ക്ക് നാമമാത്രമായ തുക നല്‍കി കബളിപ്പിച്ചുകൊണ്ടായിരുന്നു മരം മുറിച്ച് കടത്തിയത്.


ബാലന്റെയും സഹോദരി വെള്ളച്ചിയുടെ ഉള്‍പ്പെടെയുള്ളവരുടെ വ്യാജ ഒപ്പിട്ടുകൊണ്ടായിരുന്നു അപേക്ഷ നല്‍കി മരം മുറിച്ച് കടത്തിയത്. ഫോറന്‍സിക് പരിശോധനയെ സാധൂകരിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മരംമുറിക്കാനായി റോജി അഗസ്റ്റിന്‍ ഏഴു കര്‍ഷകരുടെ സമ്മതപത്രമാണ് വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചത്. എല്ലാം റോജി സ്വന്തം എഴുതി ഒപ്പിട്ടവ എന്നാണ് ഫൊറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍.


മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്നും ഈ വ്യാജ അപേക്ഷകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമുള്ള നടപടി റവന്യുവകുപ്പ് സ്വീകരിച്ചാല്‍ മുട്ടില്‍ മരംമുറിയിലെ പ്രതികള്‍ കനത്ത നിയമനടപടി നേരിടേണ്ടിവരും.