09 May 2024 Thursday

പിറന്നാള്‍ ആഘോഷത്തിന് കാസർഗോഡ് ബേക്കല്‍കോട്ട കാണാനെത്തിയവർക്ക് നേരെ സദാചാര ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

ckmnews


കാസർഗോഡ് : കാസർഗോഡ് മേല്‍പ്പറമ്പില്‍ സദാചാര ആക്രമണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. പിറന്നാള്‍ ആഘോഷത്തിന് ബേക്കല്‍കോട്ട കാണാനെത്തിയവർക്ക് നേരെയായിരുന്നു സദാചാര ആക്രമണം. ബേക്കല്‍ കോട്ട സന്ദര്‍ശിച്ച ശേഷം തിരിച്ചു മടങ്ങുന്നതിനിടെയിലായിരുന്നു മൂന്നംഗ സംഘം തടഞ്ഞുവച്ച് ആക്രമിച്ചത്. അബ്‍ദുൾ മൻസൂർ, അഫീഖ്, മുഹമ്മദ്‌ നിസാർ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ നാലുയുവാക്കളും ഒരു സ്ത്രീയുമാണ് ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തിയത്.

ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇവര്‍ ബേക്കല്‍കോട്ട സന്ദര്‍ശിച്ച ശേഷം സമീപത്തെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു മൂന്നംഗസംഘം സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്യുകയും ശല്യപ്പെടുത്തുകയും ചെയ്തത്. ഇന്നലെ രാത്രി സദാചാര ആക്രമണത്തിന് വിധേയയായ സ്ത്രീകളിലൊരാളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.