09 May 2024 Thursday

ശക്തമായ മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ckmnews


തിരുവനന്തപുരം:ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതല്‍ കാസര്‍കോടു വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഉയര്‍ന്ന തിരമാലകള്‍ക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളികളും തീരത്ത് താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.


രാത്രി മലയോരമേഖലകളില്‍ ഇടവിട്ട് വ്യാപകമായി മഴ ലഭിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളിലും, തീരദേശത്തും പുഴയോരങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിലും പൂനൂര്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്നു.


ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്. വരും ദിവസങ്ങളിലും മഴ ശക്തമാകും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.