09 May 2024 Thursday

പവർ കൂടിയ ഹെഡ് ലൈറ്റുകളുടെ ഉപയോഗം; പിടിമുറുക്കാൻ എംവിഡി

ckmnews


വാഹനങ്ങളിലെ ഹെഡ് ലൈറ്റിലെ തീവ്രപ്രകാശത്തിനെതിരെ മോട്ടോര്‍വാഹന എന്‍ഫോഴ്‌സ്മെന്റ്. വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണ് രാത്രി വാഹനാപകടങ്ങളുടെ പ്രധാനകാരണം എന്നാണ് മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയത്. പ്രകാശതീവ്രത കൂടിയ ഹെഡ് ലൈറ്റ് ഉപയോഗിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുവാനാണ് അധികൃതരുടെ തീരുമാനം. അപകട തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബുകള്‍, ലേസര്‍ ലൈറ്റുകള്‍, അലങ്കാര ലൈറ്റുകള്‍ എന്നിവയുടെ ദുരുപയോഗം തടയാനും കർശന പരിശോധന നടക്കും.

എതിരേ വരുന്ന വാഹനങ്ങള്‍ക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുക, അനാവശ്യമായി വിവിധ വര്‍ണ ബള്‍ബുകള്‍ ഉപയോഗിക്കുക എന്നിവയ്ക്ക് എതിരേയും നടപടിയുണ്ടാകും. വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വെളിച്ചത്തിന്റെ തീവ്രത കണക്കാക്കുന്നതിനുള്ള സംവിധാനവും മോട്ടോര്‍വാഹനവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

ഇത്തരം കേസുകളില്‍ നേരത്തേ പിടികൂടിയവരെ ഡിഫക്ടീവ് ലൈറ്റ് എന്ന് രേഖപ്പെടുത്തി 500 രൂപ പിഴ ഈടാക്കുകയാണ് ചെയ്തിരുന്നത്. എതിരേവരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പവും കാഴ്ചയ്ക്ക് മങ്ങലും ഉണ്ടാക്കുന്നത് അപകടത്തിന് കാരണമാകുന്നുവെന്നാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്.