09 May 2024 Thursday

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു അന്ത്യം ബാംഗ്ളൂരിൽ

ckmnews

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു അന്ത്യം ബാംഗ്ളൂരിൽ


തിരുവനന്തപുരം ∙ ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനാണ് മരണ വാർത്ത സമൂഹമാധ്യമങ്ങളിൽ സ്ഥിരീകരിച്ചത്. സംസ്‌കാരം പുതുപ്പള്ളിയില്‍. സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസം ദുഃഖാചരണം.


അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.