09 May 2024 Thursday

ഒടുവിൽ ആശ്വാസം:മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി പൊലീസ് അകമ്പടിയില്ല,പിതാവിനെ കാണാം കൊല്ലത്ത് താമസിക്കാം

ckmnews

ഒടുവിൽ ആശ്വാസം:മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി


പൊലീസ് അകമ്പടിയില്ല,പിതാവിനെ കാണാം കൊല്ലത്ത് താമസിക്കാം


ന്യൂഡൽഹി:കേരളത്തിലേക്ക് പോകാനും ചികിത്സ തേടാനും പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് സുപ്രീം കോടതി അനുമതി.കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം. ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. 15 ദിവസത്തിലൊരിക്കൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. കൊല്ലം ജില്ലയിൽ തങ്ങണമെന്നാണ് കോടതി നിർദ്ദേശിച്ചതെങ്കിലും, ചികിത്സയ്ക്കായി ജില്ല വിട്ട് പോകാൻ കോടതി അനുവദിച്ചു. കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടു കൂടി മാത്രമേ ജില്ല വിട്ടു പോകാവൂ എന്നും കോടതി നിർദ്ദേശിച്ചു.


ഇത്തവണ കേരളത്തിലേക്കു പോകാൻ അനുമതി നൽകിയ സുപ്രീം കോടതി, കഴിഞ്ഞ തവണത്തേതു പോലെ കർണാടക പൊലീസ് സുരക്ഷ നൽകണമെന്ന് നിർദേശിച്ചിട്ടില്ല. കേരള പൊലീസിന്റെ അകമ്പടിയും ഉണ്ടാകില്ല. മഅദനിയുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ഏറെക്കുറെ പൂർത്തിയായെന്നും ഈ സാഹചര്യത്തിൽ കോടതി നടപടികളിൽ ഇനി അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമില്ല എന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. മാത്രമല്ല മഅദനിയുടെ ആരോഗ്യനില ദിനംപ്രതി വഷളാകുകയാണെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച കോടതി നാട്ടിൽ പോയി താമസിക്കാൻ മഅദനിക്ക് അനുമതി നൽകുകയായിരുന്നു. എന്നാൽ ബെംഗളുരുവിലെ വിചാരണ കോടതി അവശ്യപ്പെട്ടാൽ അവിടെ ഹാജരാകണമെന്നും സുപ്രീം കോടതി നിർദേശിച്ചു.