09 May 2024 Thursday

ജോലി കിട്ടാത്തതില്‍ മാനസിക സമ്മര്‍ദം; പിഎസ്‌സി വ്യാജരേഖ ചമച്ചത് വീട്ടുകാരെ ബോധിപ്പിക്കാനെന്ന് കൊല്ലത്ത് അറസ്റ്റിലായ യുവതി

ckmnews

കൊല്ലത്ത് സര്‍ക്കാര്‍ ജോലിക്കായി വ്യാജ രേഖകള്‍ തയ്യാറാക്കിയതിന് അറസ്റ്റിലായ യുവതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഏഴുകോണ്‍ സ്വദേശിനി ആര്‍ രാഖിയാണ് പിടിയിലായത്. 2021 നവംബറില്‍ നടന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റിലാണ് രാഖി കൃത്രിമം കാണിച്ചത്. ജോലി കിട്ടാത്തതില്‍ മാനസിക സമ്മര്‍ദമുണ്ടായെന്നും ഇതേതുടര്‍ന്ന് വീട്ടുകാരെ ബോധിപ്പിക്കാനാണ് വ്യാജ രേഖകള്‍ നിര്‍മിച്ചതെന്നുമാണ് യുവതിയുടെ മൊഴി.

ഇന്നലെ പിഎസ് സി ഓഫീസില്‍ ഒരു ഉദ്യോഗാര്‍ത്ഥിയെ പൂട്ടിയിട്ടുവെന്ന വാര്‍ത്തയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദ്യം ലഭിച്ചത്. തൊട്ടുപിന്നാലെ മാധ്യമങ്ങളെത്തിയെങ്കിലും പി എസ് സി ഓഫീസിനുള്ളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് കാര്യങ്ങള്‍ പുറത്തായത്. ഏഴുകോണ്‍ സ്വദേശി രാഖി ആര്‍ ആദ്യം ഒരു നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലെത്തി. നിയമന ഉത്തരവ് പരിശോധിച്ച തഹസില്‍ദാര്‍ ഇത് വ്യാജമാണെന്ന് അറിയിച്ചു. ഉത്തരവ് തന്നത് പി എസ് സി ആണെന്നായിരുന്നു രാഖിയുടെ മറുപടി. തുടര്‍ന്ന് തഹസില്‍ദാറുടെ നിര്‍ദേശ പ്രകാരം രാഖി പി എസ് സി ഓഫീസിലെത്തി. ഇവര്‍ക്കൊപ്പം ഭര്‍ത്താവും വീട്ടുകാരം നിയമനത്തിന് ഒപ്പിടാന്‍ രാഖിക്കൊപ്പം എത്തിയിരുന്നു. പി എസ് സി ഓഫീസിലെത്തിയ രാഖിക്ക് ഓഫീസ് അധികൃതരും ഉത്തരവ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. നിയമന ഉത്തരവിന്റെ ഒറിജിനല്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു. ഇതിന് രാഖി തയ്യാറാകെ വന്നതോടെ അധികൃതര്‍ രാഖിയെ ഓഫീസില്‍ പൂട്ടിയിട്ടു, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാതെ വന്നപ്പോള്‍ പി എസ് സി ഓഫീസില്‍ നിന്നുള്ളവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.ജോലി കിട്ടാത്തതിനെ തുടര്‍ന്ന് താന്‍ മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും വീട്ടുകാരെ ബോധ്യപ്പെടുത്താനാണ് വ്യാജ രേഖ നിര്‍മിച്ചതെന്നുമാണ് രാഖിയുടെ വാദം. അഡൈ്വസ് മെമോ, റാങ്ക് ലിസ്റ്റ്, വ്യാജ നിയമന ഉത്തരവ് എന്നിവ രാഖി കൃത്രിമമായി നിര്‍മിച്ച് വീട്ടുകാരെയും കബളിപ്പിക്കുകയായിരുന്നു. സ്വന്തം മേല്‍വിലാസത്തിലേക്ക് രാഖി തന്നെയാണ് ഉത്തരവ് അയച്ചത്. ആറ് പി എസ് സി റാങ്ക് ലിസ്റ്റുകളില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് യുവതി വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇന്നലെ വിശദമായ ചോദ്യം ചെയ്ത രാഖിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.