09 May 2024 Thursday

പച്ചക്കറികള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുതിച്ചുകയറി:തക്കാളി 120 കടന്നു

ckmnews

ഭക്ഷ്യവസ്തുക്കള്‍ക്കെല്ലാം വില കുതിച്ചു കയറിയതോടെ അടുക്കള പുകയണമെങ്കില്‍ കീശ കാലിയേക്കണ്ട അവസ്ഥയില്‍ പൊതുജനം.വരുമാനവും ദൈനംദിന ചെലവും തമ്മില്‍ കൂട്ടി മുട്ടിക്കാൻ സാധാരണക്കാര്‍ പാടുപെടുന്നു. 20 മുതല്‍ 50 രൂപയുടെ വരെ ഇടയില്‍ നിന്നിരുന്ന പച്ചക്കറികളില്‍ പലതിന്റെയും വില സെഞ്ചുറിയും കടന്നു കുതിക്കുകയാണ്.തക്കാളിയും ചെറിയ ഉള്ളിയുമാണ് ആഴ്ചകളായി 100നു മുകളിലെത്തി നില്‍ക്കുന്നത്. ഒരു കിലോ തക്കാളിയുടെ വില പലയിടത്തും 120 വരെയെത്തി. ചെറിയ ഉള്ളിയുടെ വിലയും 100നു മുകളിലാണ്. വെണ്ട, വഴുതനങ്ങ, കാരറ്റ്, ബീൻസ്, പച്ചമുളക് എന്നിവയ്ക്കും മുൻപുണ്ടായിരുന്നതിനെക്കാള്‍ ഇരട്ടി വിലയായി. പച്ചമുളകിന് 65 മുതല്‍ 80 വരെ നല്‍കണം. 60 മുതല്‍ 80 രൂപ വരെയാണ് കാരറ്റ് വില.


2 മാസം മുൻപുവരെ 200 രൂപയ്ക്കു വീടുകളിലേക്ക് ദിവസങ്ങളോളം ഉപയോഗിക്കാനുള്ള പച്ചക്കറികള്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ദിവസത്തേക്കു പോലുമുള്ളതു കിട്ടുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.