09 May 2024 Thursday

ഇതര സംസ്ഥാനങ്ങളില്‍നിന്നു നാളികേരം ഒഴുകുന്നു ; കേരളത്തിലെ കര്‍ഷകര്‍ക്കു വന്‍ തിരിച്ചടി

ckmnews

ഇതരസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് നാളികേരമെത്തുന്നത് കര്‍ഷകരെ വലയ്ക്കുന്നു. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് നാളികേരം കൂടുതലായും കേരളത്തിലേക്കെത്തുന്നത്.ഇതു കാരണം കേരളത്തിലെ കര്‍ഷകര്‍ക്ക് നാളികേരത്തിനു മതിയായ വില ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. തമിഴ്നാട്ടില്‍ വ്യാപാരികള്‍ നാളികേരത്തിന് ഏഴ് രൂപ നിരക്കിലാണ് വാങ്ങുന്നത്. മാത്രമല്ല നൂറു നാളികേരം എണ്ണിയെടുക്കുന്പോള്‍ തന്നെ ഇരുപത്തിയഞ്ചണ്ണമെങ്കിലും ചെറിയ നാളികേരത്തിന്‍റെ കണക്കിലാണ് പെടുത്തുന്നത്. ഇതു മൂന്നെണ്ണത്തിന് ഒന്ന് എന്ന തോതിലാണ് കണക്കാക്കുന്നത്. 


തമിഴ്നാട്ടിലെ സീസണ്‍ ആരംഭിച്ചതിനാല്‍ കൂടുതല്‍ തേങ്ങ കേരളത്തിലേക്കെത്തുന്നതാണ് വിലക്കുറവിന് കാരണമായതെന്നു കച്ചവടക്കാര്‍ പറയുന്നു.പച്ചതേങ്ങക്ക് വില കുറവാണെങ്കിലും തമിഴ്നാട്ടിലെ വ്യാപാരികള്‍ വാങ്ങി കൂട്ടുന്നതില്‍ യാതൊരു കുറവുമില്ല.തമിഴ്നാട്ടില്‍ 40 ദിവസം മൂപ്പെത്തിയാല്‍ തേങ്ങ വീഴാൻ തുടങ്ങും. കൂടുതല്‍ ദിവസം തെങ്ങില്‍ നിര്‍ത്തിയാല്‍ നാളികേരത്തിലെ വെള്ളം വറ്റി കൊപ്രതേങ്ങയാകും. അത് എണ്ണയാക്കാനേ കഴിയുകയുള്ളുവെന്നും വ്യാപാരികള്‍ പറയുന്നു. മൂപ്പെത്തുന്പോഴേക്കും നാളികേരം വില്‍പ്പന നടത്തുകയാണ് ഇവരുടെ രീതി.


തെങ്ങിന് തടമെടുക്കാനും ജൈവ, രാസവളം ചേര്‍ത്ത് ഇടേണ്ട സമയവുമാണിത്. കടുത്ത വരള്‍ച്ച ബാധിച്ച തെങ്ങുകളായത് കൊണ്ടു സമയത്തിന് വളമിടല്‍ നടത്തിയില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ഉത്പാദനത്തെ സാരമായി ബാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. തേങ്ങയ്ക്ക് ന്യായവില ലഭിച്ചാല്‍ മാത്രമേ ഇതെല്ലാം സാധിക്കൂ. തമിഴ്നാട്ടില്‍നിന്നു പാകമായ നാളികേരമെത്തുന്നതു പോലെ തന്നെ തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായി ഇളനീരും കേരളത്തിലേക്കൊഴുകുന്നുണ്ട്. അതിര്‍ത്തി ജില്ലകള്‍ക്ക് പുറമെ പ്രധാന പട്ടണങ്ങളിലേക്കും ഇളനീര്‍ എത്തുന്നു. 


മഴക്കാലം ആരംഭിച്ചതോടെ ഇളനീര്‍ വില്‍പ്പനയില്‍ കുറവുണ്ടെങ്കിലും മിക്കയിടങ്ങളിലും വില്‍പ്പന നടക്കുന്നുണ്ട്. മഴക്കാലം തീരുന്നതോടെ ഇപ്പോഴുള്ളതിന്‍റെ നാലിരട്ടി ഇളനീര് കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നു എത്താറുമുണ്ട്. തമിഴ്നാട്, കര്‍ണാടക പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് തേങ്ങ വിളയിച്ച്‌ മൂപ്പെത്തിക്കുന്നതിന് പകരം വൻതോതില്‍ ഇളനീര്‍ പറിച്ച്‌ വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. തേങ്ങ മൂപ്പെത്തിച്ച്‌ പറിച്ച്‌ വില്‍പ്പന നടത്തുന്നതിനേക്കാള്‍ ഏറെ ലാഭകരമാണ് ഇളനീര്‍ വില്‍പ്പനയെന്നും തമിഴ്നാട്ടില്‍ കൃഷി ചെയ്യുന്ന മലയാളികള്‍ പറഞ്ഞു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായി നാളികേരം കേരളത്തിലേക്കെത്തുന്നത് കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് വൻ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ന്യായമായ വില പോലും നാളികേരത്തിന് ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. സര്‍ക്കാര്‍ നാളികേരത്തിന് തറവില പുതുക്കി നിശ്ചയിച്ച്‌ സംഭരിക്കാൻ ഈ വര്‍ഷത്തിലെ ബജറ്റില്‍ തുക വകയിരുത്തിയിയെങ്കിലും ഇത് നാളികേര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ല.