09 May 2024 Thursday

മുൻകൂറായി പണം നൽകിയില്ല; ആംബുലൻസ് വൈകിയതിനാൽ രോഗി മരിച്ചെന്ന് പരാതി; ഡ്രൈവർക്ക് സസ്‌പെൻഷൻ

ckmnews


എറണാകുളം: പറവൂരിൽ ആംബുലൻസ് വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. വടക്കൻ പറവൂർ സ്വദേശി അസ്മയാണ് പനി ബാധിച്ച് മരിച്ചത്. അസ്മയെ പനി ബാധിച്ചതിനെ തുടർന്ന് പറവൂർ താലൂക് ആശുപത്രിയിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുളള ആംബുലൻസ് വൈകിയതാണ് മരണ കാരണം. ആംബുലൻസ് ഡ്രൈവർ മുൻകൂറായി പണം നൽകാതെ കൊണ്ടുപോകിലെന്ന് പറഞ്ഞതോടെയാണ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയത്. ഇതാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.ചൊവ്വാഴ്ച രാവിലെയാണ് പനി ബാധിച്ച് അസ്മയെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇവിടെ നിന്ന് ആരോഗ്യ നില വഷളായതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ 900 രൂപ നൽകിയാലെ രോഗിയുമായി പോകൂ എന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. പിന്നാലെ അരമണിക്കൂറിനു ശേഷമാണ് പണം എത്തിക്കാൻ സാധിച്ചത്. തുടർന്ന് സർവീസ് നടത്തുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർ ആന്റണിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.