09 May 2024 Thursday

വിടവാങ്ങിയത് മലയാള സിനിമയെ ലോകഭൂപടത്തിൽ എത്തിച്ച നിർമ്മാതാവ്

ckmnews


മലയാളസിനിമയെ ദേശീയ പ്രശസ്തിയിലേക്കുയർത്തിയ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ അച്ചാണി രവി വിടപറയുമ്പോൾ, മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് എക്കാലത്തെയും മികച്ച സിനിമകളുടെ നിർമ്മാതാവിനെയാണ്. കെ.രവീന്ദ്രനാഥൻ നായർ എന്നാണ് മുഴുവൻ പേര്. നിരവധി സമാന്തരസിനിമകളുടെ നിർമ്മാതാവായിരുന്നു അച്ചാണി രവി.അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, എ .വിൻസന്റ്, പി ഭാസ്‌കരൻ തുടങ്ങിയ ചലച്ചിത്രകാരൻമാരെ വളരെയധികം പിന്തുണച്ച സിനിമാ നിർമ്മാതാവാണ് കെ.രവീന്ദ്രനാഥൻ നായർ. 14 സിനിമകൾ നിർമ്മിച്ചു. തമിഴ്‌നാട്ടിൽ പോയി കണ്ട അച്ചാണി എന്ന പേരിലുള്ള നാടകമാണ് പിന്നീട് അതേ പേരിൽ സിനിമയാക്കിയത്. 1973ൽ അച്ചാണി വൻ ഹിറ്റായതോടെ അച്ചാണി രവി എന്ന് അറിയപ്പെട്ട. നാല് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അച്ചാണി 14 ലക്ഷം ലാഭം നേടി.ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം ഓഡിറ്റോറിയവും പടുത്തുയർത്തിയത്. അതിപ്പോൾ ചിൽഡ്രൻസ് ലൈബ്രറിയും ആർട്ട് ഗാലറിയും സഹിതം കൊല്ലം നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമാണ്. ജി അരവിന്ദന്റെ സംവിധാനത്തിൽ തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, എം ടി വാസുദേവൻനായരുടെ മഞ്ഞ്, അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ തുടങ്ങിയ സിനിമകൾ അച്ചാണി രവിയുടെ ജനറൽ പിക്‌ചേഴ്‌സ് നിർമിച്ചവയാണ്.


ഫാത്തിമാ കോളജിൽ പഠിക്കുമ്പോൾ സുഹൃത്തുക്കളുടെ നാടക സംഘാടകനായാണ് രവി കലാരംഗത്ത് എത്തിയത്. 1967 ജനറൽ പിക്‌ചേഴ്‌സ് ആരംഭിച്ചു. പാറപ്പുറത്തിന്റെ ‘അന്വേഷിച്ച് കണ്ടെത്തിയില്ല’ എന്ന നോവൽ വായിച്ചപ്പോഴാണ് സത്യനെ നായകനാക്കിയുള്ള തന്റെ ആദ്യ സിനിമ എടുക്കാൻ പ്രേരണയായത്.


കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായിയായിരുന്ന കൊച്ചുപിലാംമൂട് കൃഷ്ണവിലാസം ബംഗ്ലാവിൽ വെണ്ടർ കൃഷ്ണപിള്ളയുടെയും നാണിയമ്മയുടെയും എട്ടു മക്കളിൽ അഞ്ചാമനായി 1933 ജൂലായ് മൂന്നിനായിരുന്നു ജനനം. പിതാവ് പെട്ടെന്ന് മരിച്ചതോടെ രവീന്ദ്രനാഥൻ നായർ ബിസിനസ് ഏറ്റെടുത്തു. അങ്ങനെ ആരംഭിച്ച വിജയലക്ഷ്മി കാഷ്യൂസ് സംസ്ഥാനത്തും പുറത്തുമായി 115 ഓളം ഫാക്ടറികളുള്ള വൻ സംരംഭമായി. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് 2008ൽ ജെ.സി. ഡാനിയേൽ പുരസ്‌കാരം നൽകി സർക്കാർ ആദരിച്ചു.